Last Updated on 16 Sep 2026 • 11:53 AM by Openzone Online

ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ ഭൂമിയാകുളത്ത് തകർന്നുകിടക്കുന്ന റോഡിലൂടെയുള്ള യാത്ര ജനങ്ങൾക്ക് ദുരിതമാകുന്നു. മണിയാറൻകുടി പള്ളിസിറ്റി മുതൽ സ്റ്റേഡിയംപാറ വരെയും ഭൂമിയാംകുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയം മുതൽ ഭൂമിയാംകുളം ടൗൺ വരെയുമുള്ള ഭാഗങ്ങളാണ് പ്രധാനമായും തകർന്നു കിടക്കുന്നത്. റോഡിലെ ടാറും കല്ലുകളും ഇളകി തെറിച്ച നിലയിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇതുവഴി സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടതായും നാട്ടുകാർ പറയുന്നു.

റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സർവീസ് നടത്താൻ പോലും വിമുഖത കാണിക്കുന്ന സ്ഥിതിയാണെന്ന് പ്രദേശവാസികൾ പറയുന്നു. സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ളവയും ഏറെ ബുദ്ധിമുട്ടോടെയാണ് ഇതുവഴി കടന്നുപോകുന്നത്.

റോഡിൽ കല്ലുകൾ ഇളകിക്കിടക്കുന്നതിനാൽ വാഹനങ്ങൾ തെന്നിമാറാനും കല്ലുകൾ തെറിച്ച് അപകടമുണ്ടാകാനുമുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്. കാലങ്ങളായി തുടരുന്ന പ്രശ്നത്തിന് പരിഹാരം കാണാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന വിമർശനവും ശക്തമാണ്.

റോഡിന്റെ തകർച്ച പരിഹരിച്ച് ഗതാഗതയോഗ്യമാക്കാൻ വാഴത്തോപ്പ് പഞ്ചായത്ത് അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ആവശ്യം. പ്രശ്നത്തിൽ ഇടപെടാൻ പഞ്ചായത്ത് തയ്യാറാകാത്തപക്ഷം സമരപരിപാടികളുമായി മുൻപോട്ട് ഇറങ്ങുമെന്ന് ഓട്ടോറിക്ഷ തൊഴിലാളികളും മുന്നറിയിപ്പ് നൽകുന്നു.

