Last Updated on 08 Sep 2026 • 1:42 PM by Openzone Online

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഇന്നും തുടരുമെന്ന് കെഎസ്ഇബി അറിയിച്ചു. കനത്ത ചൂടിനെ തുടർന്ന് വൈദ്യുതി ആവശ്യകത റെക്കോർഡ് നിലയിലേക്ക് ഉയർന്നതും ആവശ്യത്തിന് വൈദ്യുതി ലഭിക്കാത്തതുമാണ് നിയന്ത്രണത്തിന് പ്രധാന കാരണം.
ഇന്നലെ രാത്രി സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ ഒന്നിലധികം തവണ വൈദ്യുതി മുടക്കം അനുഭവപ്പെട്ടു. സമാന സാഹചര്യം തുടരുന്നതിനാൽ ഇന്നും ആവശ്യാനുസരണം ഭാഗിക നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെഎസ്ഇബിയുടെ മുന്നറിയിപ്പ്.
മഴയുടെ അഭാവത്തിൽ ചൂട് ശക്തമായതോടെ വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു. ഇന്നലെ വൈകിട്ട് 7.15-ഓടെ സംസ്ഥാനത്തെ പീക്ക് ഡിമാൻഡ് 4,999 മെഗാവാട്ടായി രേഖപ്പെടുത്തി. ആകെ 93.74 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഒരു ദിവസം ഉപയോഗിച്ചത്.
ജലവൈദ്യുത നിലയങ്ങളിൽ നിന്ന് ലഭിച്ചത് 24 ദശലക്ഷം യൂണിറ്റ് മാത്രമായപ്പോൾ, ഏകദേശം 67 ദശലക്ഷം യൂണിറ്റ് വൈദ്യുതി പുറത്തുനിന്ന് എത്തിക്കേണ്ടിവന്നു. എന്നാൽ ഉത്തരേന്ത്യയിലെ കൽക്കരി ക്ഷാമവും കേന്ദ്രവിഹിതത്തിലെ കുറവും മൂലം അധിക വൈദ്യുതി ലഭ്യമാക്കുന്നത് നിലവിൽ പ്രയാസകരമാണെന്ന് കെഎസ്ഇബി വ്യക്തമാക്കി.

