Last Updated on 09 Sep 2026 • 12:39 AM by Openzone Online

തിരുവനന്തപുരം: കേരളത്തിലെ അതിവേഗ റെയില്‍ പദ്ധതിക്ക് വീണ്ടും ചലനം. മെട്രോമാന് ഇ. ശ്രീധരന് മുഖ്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ ദീര്‍ഘകാല വികസനത്തിനും ഗതാഗത സൗകര്യങ്ങളുടെ വിപുലീകരണത്തിനും സഹായകമാകുന്ന പദ്ധതികള്‍ സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ച നടന്നു.
തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയുള്ള 465 കിലോമീറ്റര്‍ ദൂരം വെറും മൂന്ന് മണിക്കൂര്‍ 20 മിനിറ്റില്‍ പിന്നിടാന്‍ കഴിയുന്ന തരത്തിലാണ് ശ്രീധരന് പുതിയ അതിവേഗ റെയില്‍ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. പദ്ധതിയുടെ ചെലവ് കുറയ്ക്കുന്നതിനും പ്രധാന പരിഗണന നല്‍കിയിട്ടുണ്ട്. നേരത്തെ കണക്കാക്കിയിരുന്ന 86,000 കോടി രൂപയുടെ ചെലവ് 54,000 കോടി രൂപയായി കുറയ്ക്കാന്‍ കഴിയുമെന്നാണ് പുതിയ നിര്‍ദേശം.
തിരുവനന്തപുരം-കണ്ണൂര്‍ യാത്രയ്ക്ക് ഏകദേശം 780 രൂപ നിരക്ക് ഈടാക്കാനാകുമെന്നും ശ്രീധരന് വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേയുടെ എ.സി. ചെയര്‍ കാര്‍ നിരക്കിന് സമാനമായ നിരക്കില്‍ അതിവേഗ യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം.സംസ്ഥാനത്തെ പ്രധാന നഗരങ്ങളെയും മേഖലകളെയും വേഗത്തില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയിലൂടെ യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനൊപ്പം സാമ്പത്തിക, വ്യവസായ, ടൂറിസം മേഖലകള്‍ക്കും നേട്ടമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. പുതിയ രൂപരേഖയുമായി ശ്രീധരന് മുഖ്യമന്ത്രിയെ കണ്ടതോടെ പദ്ധതിയുടെ തുടര്‍നടപടികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും വീണ്ടും വേഗം കൈവന്നിരിക്കുകയാണ്.

