Last Updated on 08 Sep 2026 • 8:40 AM by Openzone Online

കഞ്ഞിക്കുഴി: ഈ മാസം 25ന് ജില്ലയിൽ എത്തുന്ന മുഖ്യമന്ത്രിക്ക് മുന്നിൽ കഞ്ഞിക്കുഴിയിലെ പ്രധാന ജനകീയ പ്രശ്നങ്ങൾ അവതരിപ്പിച്ച് പരിഹാരം തേടുമെന്ന് എംഎൽഎ റോയി കെ. പൗലോസ്. കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ഉൾപ്പെടെ പ്രദേശത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ഈ മാസം 24ന് ജില്ലയിൽ എത്തുന്ന റവന്യൂ വകുപ്പ് മന്ത്രി ആയിരം കർഷക കുടുംബങ്ങൾക്ക് പട്ടയം വിതരണം ചെയ്യുമെന്നും റോയി കെ. പൗലോസ് അറിയിച്ചു. ദീർഘകാലമായി പട്ടയത്തിനായി കാത്തിരിക്കുന്ന കർഷക കുടുംബങ്ങൾക്ക് ഇതോടെ വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പറഞ്ഞു.കർഷക ഭൂമിയിലേക്ക് വനംവകുപ്പ് നടത്തുന്ന കടന്നുകയറ്റവുമായി ബന്ധപ്പെട്ട പരാതികളും ആശങ്കകളും ചർച്ച ചെയ്യുന്നതിനായി കഞ്ഞിക്കുഴിയിൽ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിന് ശേഷമാണ് എംഎൽഎ പ്രതികരിച്ചത്.
വനാതിർത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, കർഷകർ നേരിടുന്ന നിയന്ത്രണങ്ങൾ, ഭൂമിയുടെ അവകാശം സംബന്ധിച്ച പ്രശ്നങ്ങൾ തുടങ്ങിയവ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിന് രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച് ഒറ്റക്കെട്ടായി ഇടപെടണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു. വിഷയത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുടെ അടിയന്തര ഇടപെടൽ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും യോഗത്തിൽ ധാരണയായി.
കഞ്ഞിക്കുഴി പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കോമളം മോഹൻദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രമോൾ ജിന്നി, പഞ്ചായത്ത്, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, വിവിധ കർഷക സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.കർഷക സംഘടനാ പ്രതിനിധികളായ സിബി ആറക്കാട്ട്, വർഗീസ് സക്കറിയ, രാഷ്ട്രീയ കക്ഷി നേതാക്കളായ ജോബി ചാലിൽ, ഷിന്റോ ജോസഫ് എന്നിവരുൾപ്പെടെ നിരവധിപേർ യോഗത്തിൽ പങ്കെടുത്ത് വിഷയത്തിൽ തങ്ങളുടെ നിലപാടുകളും ആശങ്കകളും പങ്കുവെച്ചു.
മുഖ്യമന്ത്രിയുടെ ജില്ലാസന്ദർശന വേളയിൽ കഞ്ഞിക്കുഴിയിലെ ജനങ്ങളുടെ ദീർഘകാല ആവശ്യങ്ങൾ നേരിട്ട് അവതരിപ്പിക്കുന്നതിനൊപ്പം, ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപിച്ച് തുടർനടപടികൾ സ്വീകരിക്കുമെന്നും എംഎൽഎ വ്യക്തമാക്കി.

