OpenZone Banner

Last Updated on 03 Sep 2026 • 10:22 AM by Openzone Online

Advertisement

ചെറുതോണി :25 വർഷങ്ങൾക്കു മുൻപ് ഉണ്ടാക്കിയ കിരാത നിയമമായ EFL ( ecologically fragile lands act ) പ്രകാരം നോട്ടീസ് പോലും നൽകാതെ കർഷകരുടെ പറമ്പിൽ കയറി ഏലവും കാപ്പിയും അടക്കമുള്ള വിളകൾ വെട്ടിമാറ്റുന്ന മൃഗീയമായ നടപടി വനം വകുപ്പ് ഉടനടി അവസാനിപ്പിക്കണമെന്ന് കിഫ ചെയർമാൻ അലക്സ് ഒഴുകയിൽ ആവശ്യപ്പെട്ടു.

വനം വകുപ്പ് പീച്ചാട് പ്ലാമല ഭാഗത്ത് വെട്ടി നശിപ്പിച്ച ഏലത്തോട്ടവും പഴയരികണ്ടത് വെട്ടി നശിപ്പിച്ച കാപ്പിത്തോട്ടവും സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അലക്സ് ഒഴുകയിൽ. ഇടുക്കി ജില്ലയിൽ മാത്രം 2500 ഓളം ഏക്കർ സ്ഥലം EFL ആക്കിയിട്ടുണ്ടെന്നാണ് വനം വകുപ്പ് പറയുന്നത്. എന്നാൽ അത് കൃത്യമായി അളന്നു തിരിക്കുകയോ നിലവിലുള്ള ഉടമസ്ഥർക്ക് നോട്ടീസ് നൽകുകയോ ചെയ്തിട്ടില്ല.

ഈ സൗകര്യം ഉപയോഗിച്ചുകൊണ്ട് വനം വകുപ്പിന് വ്യക്തിവിരോധം തീർക്കാനുള്ള ഒരു ഉപകരണമായി EFL നിയമത്തെ മാറ്റുന്നത് അംഗീകരിക്കാൻ കഴിയില്ല.യുഡിഎഫ് പ്രകടന പത്രികയിൽ നിയമവിരുദ്ധമായി ഏറ്റെടുത്ത മുഴുവൻ EFL ഭൂമിയും കർഷകർക്ക് തിരിച്ചു നൽകും എന്ന് പറഞ്ഞിട്ടുണ്ട്.

ആ വാഗ്ദാനം പാലിച്ചുകൊണ്ട് ഇടുക്കി ജില്ലയിൽ EFL ആയി പ്രഖ്യാപിച്ച മുഴുവൻ ഭൂമിയും കർഷകർക്ക് തിരിച്ചു നൽകണമെന്ന് കിഫ ആവശ്യപ്പെട്ടു.EFL ഭൂമി കയ്യേറി എന്ന് ആരോപിച്ചുകൊണ്ട് പ്ലാമലയിൽ ബേബി കളരിക്കൽ എന്നാളുടെ പേരിലും പഴയരികണ്ടെത്തുള്ള ടിജോ പി ജോയി എന്ന പേരിലും എടുത്ത കള്ളക്കേസുകൾ ഉടനടി പിൻവലിക്കണമെന്നും കിഫ ആവശ്യപ്പെട്ടു അതുപോലെതന്നെ ഇഎസ്ഐ വിഷയത്തിൽ ഇടുക്കി ജില്ല അതീവ ആശങ്കയിലാണ്.

ഇടുക്കിയിലെ 51 വില്ലേജുകൾ ESA കരട് നോട്ടിഫിക്കേഷൻ ഉൾപ്പെട്ടിട്ടുണ്ട്. കസൂതൂരിരംഗൻ റിപ്പോർട്ട് തന്നെ പറഞ്ഞിരിക്കുന്ന മാനദണ്ഡപ്രകാരം (100 ഇൽ കൂടുതൽ ജന സാന്ദ്രത) കേരളത്തിലെ ഒരു വില്ലേജുകളും ESA പരിധിയിൽ വരില്ല. അതുകൊണ്ടുതന്നെ കേരളത്തിൽ ഇ എസ് എ ബാധകമല്ലെന്ന നിലപാട് സർക്കാർ എടുക്കണമെന്ന് കിഫ ആവശ്യപ്പെട്ടു.

കിഫ ചെയർമാൻ അലക്സ്‌ ഒഴുകയിൽ, , കിഫ ഇടുക്കി ജില്ലാ പ്രസിഡന്റ്‌ മാർട്ടിൻ ജോൺ, ജില്ലാ ഭാരവാഹികളായ ബൈജു ദേവാസ്യ, സാജൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed