Last Updated on 01 Sep 2026 • 3:21 PM by Openzone Online

കട്ടപ്പന: മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുന്നതിനുള്ള ചർച്ചകൾ സജീവമായിരിക്കെ, ഇടുക്കിയുടെ വികസനത്തിന് മലയോര മേഖലയെ കേന്ദ്രീകരിച്ചുള്ള ജില്ല അനിവാര്യമാണെന്ന ഉടുമ്പൻചോല എം.എൽ.എ സേനാപതി വേണുവിന്റെ നിലപാട് പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിതുറക്കുന്നു. മൂവാറ്റുപുഴ ജില്ല രൂപീകരിക്കുന്ന പക്ഷം തൊടുപുഴ ഉൾപ്പെടുന്ന പ്രദേശങ്ങളുടെ ഭാവി എന്തായിരിക്കണമെന്നതാണ് ഇപ്പോൾ ഇടുക്കിയിൽ പ്രധാന ചർച്ച.
തൊടുപുഴ ഉൾപ്പെടെയുള്ള പ്രദേശങ്ങൾ മൂവാറ്റുപുഴ ജില്ലയിൽ ഉൾപ്പെടുത്തണമെന്ന നിർദേശത്തോട് സേനാപതി വേണു അനുകൂല നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തിലാണ് ഹൈറേഞ്ചിൽ നിന്ന് വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉയരുന്നത്.ഇടുക്കി ജില്ല രൂപീകൃതമായ കാലം മുതൽ തന്നെ ഹൈറേഞ്ച് മേഖലയ്ക്ക് മാത്രമായി പ്രത്യേക ജില്ല വേണമെന്ന ആവശ്യം വിവിധ ഘട്ടങ്ങളിൽ ഉയർന്നിട്ടുള്ളതാണ്.

എന്നാൽ ജില്ല രൂപീകരണവുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന ചർച്ചകൾക്ക് പുതിയ രാഷ്ട്രീയ സാഹചര്യമാണ് ശക്തി പകരുന്നത്.മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം പതിറ്റാണ്ടുകളായി നിലനിൽക്കുന്നതാണ്. 1982ൽ അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ മൂവാറ്റുപുഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ല.
നിലവിൽ പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഡീലിമിറ്റേഷൻ കമ്മീഷൻ രൂപീകരിക്കുമെന്ന സർക്കാർ പ്രഖ്യാപനത്തോടെയാണ് ആവശ്യം വീണ്ടും സജീവമായത്. തൊടുപുഴയെ വിട്ടുനൽകില്ലെന്ന് കേരള കോൺഗ്രസ്അതേസമയം തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റുന്നതിനെതിരെ കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ശക്തമായ നിലപാടിലാണ്.
തൊടുപുഴ ഇടുക്കിയുടെ ഹൃദയവും ആത്മാവുമാണെന്നും അത് മറ്റൊരു ജില്ലയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നും മന്ത്രി മോൻസ് ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്. പി.ജെ. ജോസഫും നേരത്തെ തന്നെ ഈ നീക്കത്തോട് വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും മോൻസ് പറഞ്ഞു. തൊടുപുഴയെ മൂവാറ്റുപുഴ ജില്ലയിൽ ഉൾപ്പെടുത്തിയാൽ ഇടുക്കിയുടെ നിലവിലെ ഭരണ-സാമ്പത്തിക ഘടനയിൽ വലിയ മാറ്റമുണ്ടാകുമെന്നും, തൊടുപുഴ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിവിധ ജില്ലാ ഓഫീസുകളുടെ ഭാവിയും ചോദ്യം ചെയ്യപ്പെടുമെന്നും ചർച്ച ഉയരുന്നുണ്ട്.
തൊടുപുഴ മണ്ഡലം മൂവാറ്റുപുഴ ജില്ലയിൽ ഉൾപ്പെടുത്തുന്നതിനെതിരെ വിവിധ രാഷ്ട്രീയ-സാമൂഹിക വിഭാഗങ്ങളിൽനിന്ന് ഇതിനകം എതിർപ്പും ഉയർന്നിട്ടുണ്ട്. ഇടുക്കി എം.പി. ഡീൻ കുര്യാക്കോസ് വിഷയത്തിൽ നിശബ്ദനാണെന്ന വിമർശനത്തിനും പുതിയ സംഭവവികാസത്തോടെ പ്രസക്തിയുണ്ട്. മൂവാറ്റുപുഴ ജില്ല രൂപീകരണം അനിവാര്യമാണെന്നും അത് തന്റെ ദീർഘകാല ആവശ്യമാണെന്നും ഡീൻ കുര്യാക്കോസ് വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ തൊടുപുഴയെ ഇടുക്കിയിൽ നിന്ന് മാറ്റണമോ എന്ന കാര്യത്തിൽ തൊടുപുഴക്കാരുടെ വികാരത്തിനൊപ്പമായിരിക്കും താനെന്നും, ഡീലിമിറ്റേഷൻ കമ്മീഷൻ റിപ്പോർട്ട് വന്നശേഷം മാത്രമേ അതേക്കുറിച്ച് ചർച്ച ചെയ്യാവൂവെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ജില്ലയുടെ ആദ്യ ജില്ലാ കളക്ടറായിരുന്ന ഡോ. ഡി. ബാബു പോളിന്റെ പഴയ കുറിപ്പുകളും ഇപ്പോഴത്തെ ചർച്ചയിൽ ശ്രദ്ധേയമാകുകയാണ്.
ഇടുക്കി ജില്ല രൂപീകരണത്തിന്റെ പശ്ചാത്തലം വിവരിക്കുമ്പോൾ, മൂവാറ്റുപുഴ ജില്ല വേണമെന്ന ആവശ്യവും ഹൈറേഞ്ച് പ്രദേശങ്ങൾ മാത്രം ഉൾപ്പെടുത്തി ജില്ല വേണമെന്ന ആവശ്യവും ഒരേസമയം ഉയർന്നിരുന്നുവെന്ന് അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, മൂന്നാർ എന്നിവിടങ്ങൾ ജില്ലാ ആസ്ഥാനത്തിനായി മത്സരിച്ചിരുന്നതായും അദ്ദേഹം പറഞ്ഞിട്ടുണ്ട്. മറിച്ച്, 1980കളിൽ മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് സർക്കാർ നിയോഗിച്ച ഡോ. ഡി. ബാബു പോൾ അധ്യക്ഷനായ കമ്മീഷൻ മൂവാറ്റുപുഴ ജില്ല രൂപീകരണത്തെ പൂർണമായി അനുകൂലിച്ച റിപ്പോർട്ട് നൽകിയിരുന്നുവെന്നാണ് 2026ലെ പുതിയ റിപ്പോർട്ട്.
തൊടുപുഴ കൂടി ഉൾപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട രാഷ്ട്രീയ എതിർപ്പാണ് അന്നത്തെ നീക്കം തടസ്സപ്പെടുത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ചർച്ച തൊടുപുഴ ഏത് ജില്ലയിൽ എന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ഇടുക്കിയുടെ ഭരണകേന്ദ്രം, ഹൈറേഞ്ചിന്റെ വികസനം, ജില്ലാ ഓഫീസുകളുടെ വിതരണം, ജനങ്ങളുടെ യാത്രാസൗകര്യം, സാമ്പത്തിക വളർച്ച എന്നിവയെ അടിസ്ഥാനമാക്കി ഇടുക്കി ജില്ലയുടെ ഭാവി ഭൂപടം തന്നെ പുനർനിർണയിക്കണമോ എന്ന വലിയ ചോദ്യമാണ് ഉയരുന്നത്.

മൂവാറ്റുപുഴ ജില്ല വേണമെന്ന ആവശ്യത്തിന് എറണാകുളം ജില്ലയിലെ കിഴക്കൻ മേഖലകളിൽനിന്ന് ശക്തമായ പിന്തുണ ഉയരുമ്പോൾ, തൊടുപുഴയെ ഇടുക്കിയിൽ നിലനിർത്തണമെന്ന വാദവും ശക്തമാകുകയാണ്. അതിനിടയിൽ ഹൈറേഞ്ചിന്റെ വികസനത്തിന് പ്രത്യേകമായ ഭരണസംവിധാനം അനിവാര്യമാണെന്ന സേനാപതി വേണുവിന്റെ വാക്കുകൾ ഇടുക്കിയുടെ ഭാവി സംബന്ധിച്ച പുതിയ രാഷ്ട്രീയ ചർച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

