OpenZone Banner

Last Updated on 22 Aug 2026 • 11:21 AM by Openzone Online

Advertisement

ഇടുക്കി: ജില്ലയിൽ ആനകളുടെ സഞ്ചാരപാതകളിൽ വനം വകുപ്പിന്റെ അനുമതിയില്ലാതെ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ വനം വകുപ്പിന് ജില്ലാ വികസന സമിതി നിർദേശം നൽകി. ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം. എംഎൽഎമാരായ റോയി കെ പൗലോസ്, സേനാപതി വേണു എന്നിവരുടെ സാന്നിധ്യത്തിൽ ആയിരുന്നു തീരുമാനം.

വനം വകുപ്പിന്റെ ജില്ലയിലെ എല്ലാ ഡിവിഷനുകളും ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകണം. സേനാപതി വേണു എംഎൽഎ ആനയിറങ്കൽ ഡാമിൽ ബോട്ടിംഗ് അനുവദിക്കാത്ത വിഷയം യോഗത്തിൽ ഉന്നയിച്ചതിനെ തുടർന്നാണ് വിഷയം വിശദമായി പരിശോധിച്ചത്. കുണ്ടള, മാട്ടുപ്പെട്ടി ഡാമുകളിൽ ബോട്ടിംഗ് അനുവദിച്ചിട്ടുണ്ടെങ്കിലും ആനയിറങ്കൽ ഡാമിൽ അനുമതി നിഷേധിച്ചതിന്റെ സാഹചര്യം യോഗം വിലയിരുത്തി.

അതേസമയം, വനം വകുപ്പ് ആനകളുടെ സഞ്ചാരപാതയായി കണ്ടെത്തിയ മേഖലകളിൽ റിസോർട്ടുകൾ ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങളും നിർമ്മിതികളും പ്രവർത്തിക്കുന്നതായി യോഗം ചൂണ്ടിക്കാട്ടി. ഇത്തരം മേഖലകളിലെ അനധികൃത നിർമ്മാണങ്ങളുടെ പൂർണ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് നൽകാനാണ് നിർദേശം.

ഇടമലക്കുടിയിൽ 223 വീടുകൾ കൂടി നിർമിക്കണംഇടമലക്കുടിയിൽ 149 വീടുകളുടെ നിർമ്മാണം പൂർത്തിയായതായി വനം വകുപ്പ് അറിയിച്ചു. 58 വീടുകളുടെ നിർമ്മാണം ഭാഗികമായി പൂർത്തിയായിട്ടുണ്ട്. ഇനി 223 വീടുകൾ കൂടി നിർമിക്കേണ്ടതുണ്ടെന്നാണ് കണക്ക്.ഇതുസംബന്ധിച്ച് വനം വകുപ്പും പട്ടികവർഗ വികസന ഓഫീസറും സംയുക്ത പരിശോധന നടത്തണം.

മുതിർന്ന ഉദ്യോഗസ്ഥർ നേരിട്ടെത്തി പരിശോധന പൂർത്തിയാക്കണമെന്നും യോഗം നിർദേശിച്ചു. ഇടമലക്കുടിയിലെ ആകെ കുടുംബങ്ങളുടെ എണ്ണം, വീട് ആവശ്യമുള്ള കുടുംബങ്ങൾ, നിർമ്മാണത്തിന് ആവശ്യമായ തുക എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം.

ഇടമലക്കുടിയിലെ റോഡ് നിർമ്മാണം ഓണത്തിന് ശേഷം ആരംഭിക്കുമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഡിസംബർ 31നകം നിർമാണം പൂർത്തിയാക്കുമെന്നും വകുപ്പ് വ്യക്തമാക്കി.കയ്യേറ്റം ഒഴിപ്പിക്കാൻ ഒരു മാസംവെള്ളത്തൂവൽ പഞ്ചായത്തിലെ അമൃത് സരോവർ പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട കുമ്മിണിക്കുന്ന് കുളം നവീകരിക്കുന്ന സ്ഥലത്തെ കയ്യേറ്റം ഒരു മാസത്തിനകം ഒഴിപ്പിക്കാനും യോഗം നിർദേശം നൽകി.

ജില്ലയിൽ നിയമവിരുദ്ധമായി പാറ പൊട്ടിക്കുന്നത് തടയുന്നതിനുള്ള പരിശോധനകളും ശക്തമാക്കും.മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ പുനർവിന്യാസം പരിശോധിക്കും ഇടുക്കി മെഡിക്കൽ കോളേജിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട വിഷയവും യോഗം ചർച്ച ചെയ്തു.

ആശുപത്രി വികസന സൊസൈറ്റിയിൽ നിന്നുള്ള വരുമാനം ജീവനക്കാരുടെ നിയമനത്തിനായി വിനിയോഗിക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങൾ ആശുപത്രി അധികൃതർ യോഗത്തെ അറിയിച്ചു. മറ്റ് സർക്കാർ ആശുപത്രികളിൽ അധികമുള്ള ജീവനക്കാരെ ഇടുക്കി മെഡിക്കൽ കോളേജിലേക്ക് പുനർവിന്യസിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാനും യോഗം നിർദേശം നൽകി.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ എംഎൽഎമാരായ റോയ് കെ. പൗലോസ്, സേനാപതി വേണു, ദേവികുളം സബ് കളക്ടർ ആര്യ വി.എം., അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് മിനി കെ. ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ ഡോ. പി. പ്രവീൺ തുടങ്ങിയവരും വിവിധ ജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed