OpenZone Banner

Last Updated on 21 Aug 2026 • 1:12 AM by Openzone Online

Advertisement

കുറുപ്പംപടി: മേതലയിൽ നിന്ന് കാണാതായ 13കാരിയെ ഒഡിഷയിലെ നക്സൽ ബാധിത മേഖലയിൽ നിന്ന് സാഹസികമായി കണ്ടെത്തി സുരക്ഷിതമായി നാട്ടിലെത്തിച്ച് കുറുപ്പംപടി പൊലീസ്. നാലായിരത്തോളം കിലോമീറ്റർ റോഡ് മാർഗം സഞ്ചരിച്ചാണ് പൊലീസ് സംഘം കുട്ടിയെ കണ്ടെത്തിയത്. ഒഡിഷ സ്വദേശികളായ മാതാപിതാക്കളുടെ മകളെയാണ് കഴിഞ്ഞ 13ന് കാണാതായത്.

ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കൾ പരാതി നൽകിയതോടെ കുറുപ്പംപടി പൊലീസ് അന്വേഷണം ആരംഭിച്ചു. മേതലയിലും സമീപ പ്രദേശങ്ങളിലും വ്യാപകമായി പരിശോധന നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ കാര്യമായ സൂചന ലഭിച്ചില്ല. തുടർന്ന് നടത്തിയ സൈബർ അന്വേഷണത്തിലാണ് സേലത്ത് ജോലി ചെയ്യുന്ന കേശവ് എന്നയാളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.

കേശവിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ സേലത്തെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒഡിഷ സ്വദേശിയായ യുവാവുമായി പെൺകുട്ടിക്ക് സൗഹൃദമുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് സേലത്തെത്തി അന്വേഷണം നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. യുവാവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ അന്വേഷണം കൂടുതൽ സങ്കീർണമായി. ഇതിനിടെ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ പ്രത്യേക നിർദേശപ്രകാരം കുറുപ്പംപടി പൊലീസ് സംഘം ഒഡിഷയിലേക്ക് തിരിച്ചു.

പ്രാദേശിക അന്വേഷണത്തിലൂടെയാണ് കുട്ടി അലോക് എന്ന യുവാവിനൊപ്പം ഗഞ്ചം ജില്ലയിലെ നബാഗൊച്ച ഗ്രാമത്തിലുണ്ടെന്ന വിവരം ലഭിച്ചത്. എന്നാൽ കുട്ടി കഴിയുന്ന പ്രദേശം നക്സൽ ബാധിത മേഖലയാണെന്നത് പൊലീസിന് വലിയ വെല്ലുവിളിയായി. പകൽ സമയത്ത് പൊലീസ് വാഹനങ്ങൾക്ക് പ്രദേശത്തേക്ക് പ്രവേശിക്കുന്നത് സുരക്ഷിതമല്ലെന്ന് ബഞ്ചനഗർ പൊലീസ് മുന്നറിയിപ്പ് നൽകി. ഇതോടെ അർധരാത്രിയിൽ കനത്ത സുരക്ഷയോടെ ഓപ്പറേഷൻ നടത്താൻ തീരുമാനിച്ചു. എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ ആയുധധാരികളായ എട്ട് പൊലീസുകാരെ കൂടി സംഘത്തോടൊപ്പം നിയോഗിച്ചു. കേരളത്തിൽ നിന്നെത്തിയ അന്വേഷണ സംഘത്തിനും സുരക്ഷയ്ക്കായി ആയുധങ്ങൾ നൽകി.

വനമേഖലയിലൂടെ ഏകദേശം 40 കിലോമീറ്റർ സഞ്ചരിച്ച സംഘം രാത്രി 12 മണിയോടെ ലക്ഷ്യസ്ഥാനത്തിന് ഒരു കിലോമീറ്റർ അകലെ വാഹനങ്ങൾ നിർത്തി. തുടർന്ന് പൊലീസുകാർ കാൽനടയായി വനത്തിലൂടെ മുന്നേറി.

വനത്തിനുള്ളിലെ അഞ്ച് വീടുകളിൽ ഏതാണ് അലോകിന്റെ വീടെന്ന് കണ്ടെത്തുന്നതും വെല്ലുവിളിയായി. ഒടുവിൽ അതീവ ജാഗ്രതയോടെ വീട് തിരിച്ചറിഞ്ഞ പൊലീസ് സംഘം വീട് വളഞ്ഞു. പൊലീസിന്റെ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സമീപവാസികളും സ്ഥലത്തെത്തി. ഇതിനിടെ ചെറിയ വാക്കുതർക്കമുണ്ടായെങ്കിലും പൊലീസ് നടത്തിയ തിരച്ചിലിൽ അലോകിനെയും പെൺകുട്ടിയെയും കണ്ടെത്തുകയായിരുന്നു. തുടർന്ന് ഇരുവരെയും ബഞ്ചനഗർ പൊലീസ് സ്റ്റേഷനിലെത്തിച്ച് സുരക്ഷിതമാക്കി.

അപകടസാധ്യത നിറഞ്ഞ പ്രദേശത്ത് നിന്ന് കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത ശേഷം പൊലീസ് സംഘം പെൺകുട്ടിയുമായി കേരളത്തിലേക്ക് മടങ്ങി. സബ് ഇൻസ്‌പെക്ടർ കെ.എം. അബി, സീനിയർ സി.പി.ഒമാരായ എൻ.പി. ബിന്ദു, അരുൺ കെ. കരുണൻ, രജിത് രാം എന്നിവരടങ്ങിയ സംഘമാണ് ദൗത്യത്തിന് നേതൃത്വം നൽകിയത്. കുട്ടിയെ കണ്ടെത്തുന്നതിനായി ആയിരക്കണക്കിന് കിലോമീറ്റർ പിന്നിട്ട്, നക്സൽ ബാധിത വനമേഖലയിൽ അർധരാത്രി നടത്തിയ പൊലീസ് നീക്കമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed