OpenZone Banner

Last Updated on 17 Aug 2026 • 3:22 AM by Openzone Online

Advertisement

തിരുവനന്തപുരം: ഓണക്കാലത്തെ വൻ സാമ്പത്തിക ബാധ്യതകൾ നേരിടാൻ കേരളം 2,200 കോടി രൂപ കൂടി കടമെടുക്കുന്നു. ശമ്പളം, പെൻഷൻ, ക്ഷേമപെൻഷൻ, ബോണസ്, ഉത്സവബത്ത തുടങ്ങിയ ചെലവുകൾക്കായി ഏകദേശം 10,000 കോടി രൂപയാണ് സംസ്ഥാനത്തിന് ഓണക്കാലത്ത് ആവശ്യമായി വരുന്നത്.ഇതിനായി ചൊവ്വാഴ്ച 2,200 കോടി രൂപയുടെ സർക്കാർ കടപ്പത്രങ്ങളുടെ ലേലം നടക്കും.

State Development Loan (SDL) എന്ന രീതിയിലാണ് കേരളം തുക സമാഹരിക്കുന്നത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ e-Kuber സംവിധാനത്തിലൂടെയാണ് കടപ്പത്ര ലേലം നടക്കുന്നത്. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ടുകൾ തുടങ്ങിയ നിക്ഷേപകരിൽ നിന്നാണ് സർക്കാർ പണം സമാഹരിക്കുന്നത്.ഇതോടെ യു.ഡി.എഫ്. സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള സംസ്ഥാനത്തിന്റെ വിപണി കടമെടുപ്പ് 14,400 കോടി രൂപയായി ഉയരും.

കടമെടുക്കാനുള്ള പരിധി വർധിപ്പിക്കണമെന്ന് കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അനുകൂല തീരുമാനം ലഭിക്കാനുള്ള സാധ്യത കുറവാണ്. സംസ്ഥാനങ്ങളുടെ വിപണി കടമെടുപ്പ് കേന്ദ്രം നിശ്ചയിക്കുന്ന Net Borrowing Ceiling പരിധിക്ക് വിധേയമാണ്. കേരളത്തിന്റെ കടബാധ്യതയിലും വിപണി വായ്പകൾക്ക് വലിയ പങ്കുണ്ട്. 2024-25 സാമ്പത്തിക വർഷാവസാനം സംസ്ഥാനത്തിന്റെ ആഭ്യന്തര കടം 2.96 ലക്ഷം കോടി രൂപയ്ക്കടുത്തായിരുന്നു.

വായ്പയെടുക്കുന്നതിന് പുറമെ സംസ്ഥാനത്തെ താൽക്കാലിക പണ ഞെരുക്കം നേരിടാൻ ട്രഷറിയിലും പ്രത്യേക നിക്ഷേപസമാഹരണം ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബർ 30 വരെ രണ്ടുവർഷമോ അതിൽ കൂടുതലോ കാലാവധിയുള്ള സ്ഥിരനിക്ഷേപങ്ങൾക്ക് ഉയർന്ന പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. പുതിയ നിക്ഷേപങ്ങൾക്ക് പൊതുജനങ്ങൾക്ക് 7.75 ശതമാനവും മുതിർന്ന പൗരന്മാർക്ക് 8 ശതമാനവും സ്ഥാപനങ്ങൾക്ക് 7.65 ശതമാനവും പലിശ ലഭിക്കും. എന്നാൽ ട്രഷറിയിൽ അധികമായി സമാഹരിക്കുന്ന നിക്ഷേപവും സംസ്ഥാനത്തിന്റെ ബാധ്യതയായാണ് കണക്കാക്കപ്പെടുന്നത്. അതിനാൽ അടുത്ത സാമ്പത്തിക വർഷങ്ങളിലെ വായ്പാ പരിധിയിലും ഇതിന്റെ പ്രതിഫലനം ഉണ്ടാകും. അതുകൊണ്ടുതന്നെ ട്രഷറി നിക്ഷേപസമാഹരണം സംസ്ഥാനത്തിന് അടിയന്തരമായി പണലഭ്യത ഉറപ്പാക്കാനുള്ള മാർഗമാണെങ്കിലും ദീർഘകാല സാമ്പത്തിക പരിഹാരമല്ല.

ഓണക്കാല ചെലവുകൾ നിറവേറ്റാൻ ഒരുവശത്ത് വിപണിയിൽ നിന്ന് വീണ്ടും കടമെടുക്കുകയും മറുവശത്ത് ട്രഷറിയിലേക്ക് കൂടുതൽ നിക്ഷേപം ആകർഷിക്കുകയും ചെയ്യുന്ന സാഹചര്യമാണ് കേരളത്തിൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed