Last Updated on 16 Aug 2026 • 6:06 AM by Openzone Online

കണ്ണൂർ: “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോട് അലിയാം ” എന്നെഴുതിയ കത്ത് വീട്ടിൽ വച്ചശേഷം നാടുവിട്ട 17കാരനായ പ്ലസ്ടു വിദ്യാർഥിയെ കാണാതായിട്ട് ഒമ്പത് ദിവസം. പെരിങ്ങത്തൂർ പുളിയനമ്പ്രം സ്വദേശി ശിവസൂര്യയെയാണ് (17) ആഗസ്റ്റ് ഏഴിന് ഉച്ചയോടെ കാണാതായത്. ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയാണ്. പ്രാഥമിക അന്വേഷണത്തിൽ കാര്യമായ സൂചന ലഭിക്കാത്ത സാഹചര്യത്തിൽ ശിവസൂര്യയെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് അന്വേഷണം കൂടുതൽ ഊർജിതമാക്കി.
കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ വിജയ് ഭാരത് റെഡ്ഡിയുടെ നിർദേശപ്രകാരം തലശ്ശേരി എ.എസ്.പി ഡോ. നന്ദു ഗോപന്റെ നേതൃത്വത്തിലാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട ശിവസൂര്യ അച്ഛനൊപ്പമായിരുന്നു താമസം. മൊബൈൽ ഫോൺ ഉപയോഗവും ഓൺലൈൻ ഗെയിമിങ്ങും പതിവായിരുന്ന കുട്ടിക്ക് ഗെയിമിങ്ങിലൂടെ പണം നഷ്ടപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. ഇതിനെ തുടർന്ന് അച്ഛൻ മൊബൈൽ ഫോൺ കൈവശം വച്ചതിലുള്ള മനോവിഷമമാണ് വീടുവിടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.ആഗസ്റ്റ് ഏഴിന് ഉച്ചയ്ക്ക് ഒരു മണിയോടെ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് ശിവസൂര്യ വീടുവിട്ടിറങ്ങിയത്.

രണ്ട് ജോഡി വസ്ത്രങ്ങളും 3,000 രൂപയും കൈവശമുണ്ടായിരുന്നു. പിന്നീട് വീട്ടിൽ നിന്ന് ലഭിച്ച കത്തിലാണ് കാശിയിലേക്ക് പോകുകയാണെന്നും ശേഷിക്കുന്ന ജീവിതം ദൈവഭക്തിയിൽ കഴിയുമെന്നും എഴുതിയിരുന്നത്. കുട്ടിയെ കണ്ടെത്തുന്നതിനായി വീടിനും സമീപപ്രദേശങ്ങൾക്കും പുറമെ പ്രധാന യാത്രാ കേന്ദ്രങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു. ശിവസൂര്യ വീടുവിട്ടിറങ്ങിയ സമയത്തെ ദൃശ്യങ്ങൾ മുതൽ പിന്നീട് വിവിധ സ്ഥലങ്ങളിലെ ദൃശ്യങ്ങൾ വരെ പരിശോധിച്ചെങ്കിലും കുട്ടി ഏത് ദിശയിലേക്കാണ് പോയതെന്നതിന് വ്യക്തമായ സൂചന ലഭിച്ചില്ല.
തലശ്ശേരി റെയിൽവേ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന യാത്രാ കേന്ദ്രങ്ങളിലെ ദൃശ്യങ്ങളും പരിശോധിച്ചു.ശിവസൂര്യയുടെ വീട്ടിലും പരിസരത്തും പോലീസ് സ്നിഫർ ഡോഗുകളുടെ സഹായത്തോടെയും പരിശോധന നടത്തി. നായകൾ മണം പിടിച്ച് കുറച്ചുദൂരം സഞ്ചരിച്ചെങ്കിലും കുട്ടി പോയ വഴിയെക്കുറിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചില്ല. പാലക്കാട് ഒറ്റപ്പാലത്ത് ശിവസൂര്യയുമായി രൂപസാദൃശ്യമുള്ള കുട്ടിയെ കണ്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് അവിടെയും അന്വേഷണം നടത്തിയിരുന്നു. എന്നാൽ പിന്നീട് ലഭിച്ചത് തെറ്റായ വിവരമാണെന്ന് സ്ഥിരീകരിച്ചു. പ്രാദേശിക അന്വേഷണത്തിൽ നിർണായക സൂചനകളൊന്നും ലഭിക്കാത്തതോടെയാണ് അന്വേഷണം കൂടുതൽ വിപുലീകരിക്കാൻ എസ്.ഐ.ടി രൂപീകരിച്ചത്.

കേരളത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രധാനമായും മൈസൂരു കേന്ദ്രീകരിച്ചും പരിശോധന ആരംഭിച്ചു. ഇതിനായി അന്വേഷണ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക സംഘം സംസ്ഥാനത്തിന് പുറത്തേക്ക് പോയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റാൻഡുകൾ, മറ്റ് പ്രധാന യാത്രാ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ദൃശ്യങ്ങൾ പരിശോധിക്കുന്നതിനൊപ്പം അയൽ സംസ്ഥാന പോലീസിന്റെ സഹകരണവും തേടിയിട്ടുണ്ട്.ശിവസൂര്യയെ എത്രയും വേഗം കണ്ടെത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും പോലീസിന് നിർദേശം നൽകിയിട്ടുണ്ട്.
കമ്മീഷൻ അധ്യക്ഷൻ കെ.വി. മനോജ് കുമാർ ശിവസൂര്യയുടെ വീട്ടിലും ചൊക്ലി പോലീസ് സ്റ്റേഷനിലും നേരിട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തി. നിലവിലെ പോലീസ് നടപടികളിൽ തൃപ്തിയുണ്ടെന്ന് അദ്ദേഹം അറിയിച്ചു.അതേസമയം, ശിവസൂര്യ പഠിച്ചിരുന്ന ചൊക്ലി രാമവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ പി.ടി.എ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. കുട്ടിയെ കണ്ടെത്തുന്നതിനായി അന്വേഷണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കണമെന്നും തിരച്ചിൽ ശക്തമാക്കണമെന്നും പി.ടി.എ ഭാരവാഹികളും സ്കൂൾ അധികൃതരും ആവശ്യപ്പെട്ടു.
ഒമ്പത് ദിവസം പിന്നിട്ടിട്ടും ശിവസൂര്യയെക്കുറിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭിക്കാത്തത് കുടുംബത്തെയും നാട്ടുകാരെയും കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്. കുട്ടിയെ കണ്ടെത്തുന്നതിനായി എസ്.ഐ.ടി അന്വേഷണം വിവിധ സംസ്ഥാനങ്ങളിലേക്കും പ്രധാന യാത്രാ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

