OpenZone Banner

Last Updated on 15 Aug 2026 • 11:27 AM by Openzone Online

Advertisement

ചെറുതോണി: സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് പറയുമ്പോൾ വീർ സവർക്കറെ എങ്ങനെ മറക്കാൻ സാധിക്കുമെന്ന് ബിജെപി കർഷക മോർച്ച സംസ്ഥാന പ്രസിഡന്റ് ഷാജി രാഘവൻ. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വീർ സവർക്കറുടെ പങ്ക് തമസ്കരിക്കാൻ ചിലരെങ്കിലും താൽപര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഓരോ സ്വാതന്ത്ര്യദിനവും കടന്നുപോകുമ്പോഴും രാജ്യം വെട്ടിമുറിക്കപ്പെട്ടതിന്റെ നീറുന്ന ഓർമ്മകൾ പേറിയാണ് ഓരോ ഭാരതീയനും മുന്നോട്ട് പോകുന്നതെന്നും ഷാജി രാഘവൻ പറഞ്ഞു. ബിജെപി ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ചെറുതോണിയിൽ സംഘടിപ്പിച്ച തിരംഗ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

10.30ന് ചെറുതോണിയിൽ നടന്ന പരിപാടിയിൽ ദേശീയപതാകയേന്തി ബിജെപി പ്രവർത്തകരും നേതാക്കളും പങ്കെടുത്തു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ ത്യാഗങ്ങൾ അനുസ്മരിച്ചും ദേശീയ ഐക്യത്തിന്റെയും ദേശസ്‌നേഹത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിച്ചുമാണ് തിരംഗ യാത്ര സംഘടിപ്പിച്ചത്.
ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് വി.സി. വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽ പ്രവർത്തകർ വന്ദേമാതരം ആലപിച്ചു. സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യവും രാജ്യത്തിന്റെ അഖണ്ഡതയും ദേശീയതയും ഉയർത്തിപ്പിടിക്കേണ്ടതിന്റെ ആവശ്യകതയും ചടങ്ങിൽ ചൂണ്ടിക്കാട്ടി.
ബിജെപി നേതാക്കളായ പി. രാജൻ, രതീഷ് വരകുമല, ഷാജി നെല്ലിപ്പറമ്പൻ, ലീന രാജു, സുരേഷ് മീനത്തേരി തുടങ്ങി നിരവധി നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed