OpenZone Banner

Last Updated on 15 Aug 2026 • 12:38 AM by Openzone Online

Advertisement

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടം എഴുകുംവയൽ പാറത്തറയിൽ അച്ഛനെയും അമ്മയെയും മകൻ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. പാറത്തറയിൽ ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ലഹരിക്ക് അടിമയായിരുന്ന അജീഷ് നേരത്തെ ഡി-അഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും സൂചനയുണ്ട്.

കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ ഫോണിൽ വിളിച്ച് വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒറ്റപ്പെട്ട പ്രദേശത്താണ് കുടുംബം താമസിച്ചിരുന്ന വീട്. സംഭവസമയത്ത് മഴയും ശക്തമായിരുന്നതിനാൽ വീട്ടിൽനിന്നുള്ള നിലവിളി പുറത്തേക്ക് കേൾക്കാതിരുന്നതാണ് കൊലപാതക വിവരം വൈകി അറിയാൻ കാരണമായതെന്നാണ് പ്രാഥമിക വിവരം. കൊല്ലപ്പെട്ട ദമ്പതികൾക്ക് മറ്റൊരു മകൻ കൂടിയുണ്ട്. ഇയാൾ വിദേശത്താണ്.

സംഭവമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. രാത്രിയിൽ സംഭവം നടന്നതിനാൽ വിശദമായ ഇൻക്വസ്റ്റ് നടപടികളും ശാസ്ത്രീയ പരിശോധനകളും ഉൾപ്പെടെയുള്ള അന്വേഷണ നടപടികൾ ഇന്ന് നടക്കും. പോലീസ് വീട് സീൽ ചെയ്ത് കാവലിൽ വച്ചിരിക്കുകയാണ്. വിരലടയാളം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനും സംഭവസ്ഥലം വിശദമായി പരിശോധിക്കുന്നതിനുമുള്ള നടപടികൾ ഇന്ന് നടക്കും. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം, അജീഷിന്റെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ, സംഭവത്തിന് പിന്നിലെ മറ്റ് കാരണങ്ങൾ എന്നിവ പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്. ചോദ്യം ചെയ്യലിന് ശേഷം സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed