Last Updated on 11 Aug 2026 • 7:36 AM by Openzone Online

തൊടുപുഴ: അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡരികിൽ ബോധരഹിതനായി കിടന്നയാളെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിച്ച പിതാവിനും മകനും കാളിയാർ പോലീസിന്റെ ആദരം. വണ്ണപ്പുറം സ്വദേശിയും വൈദ്യനുമായ പുതുപ്പറമ്പിൽ ബേബിയും 12 വയസ്സുകാരനായ മകൻ ആൽഫ്രട്ടുമാണ് മനുഷ്യത്വപരമായ ഇടപെടലിലൂടെ റെജികുമാറിന്റെ ജീവൻ രക്ഷിച്ചത്.2025 നവംബർ 16ന് രാത്രി വണ്ടമറ്റം ബൈപ്പാസിലായിരുന്നു സംഭവം.

തൊടുപുഴ സ്വദേശി റെജികുമാർ ബൈക്ക് അപകടത്തിൽപ്പെട്ട് റോഡിൽ ബോധരഹിതനായി കിടക്കുന്നത് അതുവഴി വന്ന ബേബിയും മകൻ ആൽഫ്രട്ടും കാണുകയായിരുന്നു. ഉടൻ തന്നെ ഇരുവരും ചേർന്ന് റെജികുമാറിനെ മുതലക്കുടത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരിയിലേക്കും മാറ്റി. ഏറെ നാളത്തെ ചികിത്സയ്ക്കൊടുവിലാണ് റെജികുമാർ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.റോഡ് അപകടത്തിൽപ്പെട്ടവരെ ഗോൾഡൻ അവറിനുള്ളിൽ ആശുപത്രിയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നവർക്ക് കേന്ദ്രസർക്കാർ നൽകുന്ന രാഹ്–വീർ പദ്ധതിയുടെ ഭാഗമായി ലഭിക്കുന്ന 25,000 രൂപയുടെ പാരിതോഷികം പിന്നീട് ബേബിയെ തേടിയെത്തുകയായിരുന്നു. കാളിയാർ പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ബേബിയെയും മകൻ ആൽഫ്രട്ടിനെയും പോലീസ് ഉദ്യോഗസ്ഥർ ആദരിച്ചു.എന്നാൽ തനിക്ക് ലഭിച്ച 25,000 രൂപ സ്വന്തമായി സ്വീകരിക്കുന്നതിന് പകരം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരിച്ചെത്തിയ റെജികുമാറിന് തന്നെ നൽകുമെന്ന് ബേബി അറിയിച്ചു.

സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്ന വ്യക്തിയാണ് റെജികുമാറെന്നും അതിനാലാണ് പാരിതോഷികത്തുക അദ്ദേഹത്തിന് നൽകാൻ തീരുമാനിച്ചതെന്നും ബേബി പറഞ്ഞു.മനുഷ്യത്വം മരവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് ബേബിയും മകൻ ആൽഫ്രട്ടും കാണിച്ച ഇടപെടലും പിന്നീട് പാരിതോഷികത്തുക പോലും അപകടത്തിൽപ്പെട്ട വ്യക്തിക്ക് നൽകാനുള്ള തീരുമാനവും സമൂഹത്തിന് മാതൃകയാണെന്ന് വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സജി പോൾ പറഞ്ഞു.കാളിയാർ സ്റ്റേഷൻ സബ് ഇൻസ്പെക്ടർ വിഷ്ണു വി.വി., ബീജു വർഗീസ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ നിഷാദ് പി.പി., ജയേഷ് ഭാസ്കരൻ, ബിനു ജെ. മാറാട്ട്, വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ സുബയിൽ, ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജെയ്നമ്മ ജോസഫ്, വ്യാപാരി വ്യവസായി സമിതി വണ്ണപ്പുറം യൂണിറ്റ് പ്രസിഡന്റ് സജി കണ്ണംപുഴ, സെക്രട്ടറി നൗഷാദ് മലനാട് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
