Last Updated on 11 Aug 2026 • 3:55 PM by Openzone Online

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴി ഓഗസ്റ്റ് 12-ഓടെ ന്യൂനമർദമായി ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

നിലവിൽ വടക്കുപടിഞ്ഞാറൻ മധ്യപ്രദേശിന് മുകളിലായി മറ്റൊരു ന്യൂനമർദം തുടരുകയാണ്. ഇതിന്റെ സ്വാധീനത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ സജീവമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണം.കേരളത്തിലും അടുത്ത ദിവസങ്ങളിൽ മഴ തുടരാൻ സാധ്യതയുണ്ട്. ഓഗസ്റ്റ് 11 മുതൽ 15 വരെ സംസ്ഥാനത്ത് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്നാണ് IMD–KSEOC–KSDMAയുടെ അറിയിപ്പ്.
ഏറ്റവും പുതിയ IMD പ്രവചനത്തിലും ഓഗസ്റ്റ് 11 മുതൽ 17 വരെ കേരളത്തിലും മാഹിയിലും വ്യാപകമായ മഴയ്ക്ക് സാധ്യത ചൂണ്ടിക്കാട്ടുന്നുണ്ട്.ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം രൂപപ്പെടുന്നതോടെ മഴയുടെ സാഹചര്യം കൂടുതൽ മാറിയേക്കാം. ന്യൂനമർദം രൂപപ്പെടുന്ന സ്ഥലം, അതിന്റെ ശക്തി, സഞ്ചാരപാത എന്നിവയെ ആശ്രയിച്ചായിരിക്കും തുടർന്നുള്ള ദിവസങ്ങളിൽ കേരളത്തിലെ മഴയുടെ തീവ്രത. നിലവിലെ അറിയിപ്പ് ചുഴലിക്കാറ്റ് മുന്നറിയിപ്പല്ല; ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.കേരളത്തിൽ മഴയ്ക്കൊപ്പം ചിലയിടങ്ങളിൽ ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ കാലാവസ്ഥാ വകുപ്പിന്റെയും ദുരന്തനിവാരണ അതോറിറ്റിയുടെയും തുടർ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.
