Last Updated on 11 Aug 2026 • 3:15 AM by Openzone Online

ചെറുതോണി: മനുഷ്യജീവന് ഭീഷണിയായ വന്യമൃഗങ്ങൾ നാട്ടിലിറങ്ങാതിരിക്കാൻ സോളാർ ഫെൻസിങ്ങും കിടങ്ങുകളും നിർമ്മിക്കാനുള്ള പദ്ധതികൾക്ക് വേണ്ടി ഫണ്ടുകൾ ചെലവഴിക്കാൻ തയ്യാറാകാതെ നിൽക്കുന്ന വനം വകുപ്പാണ്, കോടികൾ മുടക്കി ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഓഫീസ് പീരുമേലിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഇടുക്കി പൈനാവ് വെള്ളാപ്പാറയിൽ പ്രവർത്തിക്കുന്ന വനംവകുപ്പ് വിജിലൻസ് ഫ്ലയിങ് സ്ക്വാഡ് ഓഫീസാണ് പീരുമേടിനു സമീപമുള്ള തട്ടത്തിക്കാനത്തേക്ക് മാറ്റുന്നത്. ഇതിനായി നബാർഡിൽ നിന്നും വായ്പയെടുക്കുന്നത് 5.35 കോടി രൂപയാണ്.
എരുമേലി റെയ്ഞ്ചിൽ മുറിഞ്ഞപുഴ ഫോറസ്റ്റ് സ്റ്റേഷൻ്റെ അധികാര പരിധിയിൽ വരുന്ന 53.4 ഏക്കർ വിസ്തൃതിയുള്ള തട്ടത്തിക്കാനം റിസർവിലാണ് പുതിയ ഓഫീസ് നിർമ്മിക്കാൻ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഏറ്റവും കൗതുകകരമായ കാര്യം ഈ ഓഫീസിലെ ജീവനക്കാരുടെ എണ്ണമാണ്. ഒരു ഡി.എഫ്.ഒ ഉൾപ്പെടെ ആകെ ഏഴ് പേർ മാത്രമാണ് ഈ ഓഫീസിൽ ഉള്ളത്. ജനങ്ങളുടെ ജീവന് പുല്ലുവില കൽപ്പിച്ച് നടത്തുന്ന ഈ നീക്കം ചില ഉദ്യോഗസ്ഥരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കും സാമ്പത്തിക ക്രമക്കേടുകൾക്കും വേണ്ടിയാണെന്ന ആരോപണവും ഇപ്പോൾ ശക്തമാണ്.

പൈനാവിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നാണ് ഓഫീസ് മാറ്റത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. എന്നാൽ വനംമന്ത്രിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് ഫയൽ അതിവേഗം നീങ്ങിയതെന്നും ആക്ഷേപമുണ്ട്. ഇടുക്കിയിൽ വനംവകുപ്പിന് സ്വന്തമായി നിരവധി കെട്ടിടങ്ങൾ ഉള്ളപ്പോഴാണ് കോടികൾ കടമെടുത്ത് ഈ അനാവശ്യ ധൂർത്ത്. അഴിമതികൾ അന്വേഷിക്കേണ്ട വിജിലൻസ് വിഭാഗത്തിന് വേണ്ടിത്തന്നെയാണ് ഈ കൊള്ളയെന്നതാണ് ഇതിലെ ഏറ്റവും വലിയ വിരോധാഭാസം.

