Last Updated on 10 Aug 2026 • 5:00 AM by Openzone Online

രാജാക്കാട്: ടൗണിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലെ ലഹരി ഉപയോഗവും സംഘർഷങ്ങളും പതിവാകുന്ന സാഹചര്യത്തിൽ, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വിൽപ്പനയ്ക്കെതിരെ ജനപ്രതിനിധിയുടെ ഇടപെടൽ. രാജാക്കാട് ടൗൺ വാർഡ് മെമ്പർ ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്.
ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുള്ള സംഘർഷങ്ങൾ സമീപകാലത്ത് തുടർച്ചയായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജോഷി കന്യാക്കുഴിയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. ഇതിനിടെയാണ് പരസ്യമായി നിരോധിത പുകയില ഉൽപ്പന്നങ്ങൾ ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നത് കണ്ടെത്തിയത്. തുടർന്ന് സ്ഥലത്ത് പൊലീസ് എത്തിച്ച് പിടികൂടിയ വസ്തുക്കൾ പൊലീസിന് കൈമാറുകയായിരുന്നു.

രാജാക്കാട് ടൗണിലും സമീപ പ്രദേശങ്ങളിലും ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ ലഹരി വസ്തുക്കളുടെ ഉപയോഗവും വിൽപ്പനയും വ്യാപകമാകുന്നതായി പരാതികൾ ഉയർന്നിരുന്നു. ലഹരി ഉപയോഗത്തെ തുടർന്നുള്ള തർക്കങ്ങളും സംഘർഷങ്ങളും പലപ്പോഴും നാട്ടുകാരിലും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.
ലഹരിക്കെതിരെ പൊലീസ് നടപടി ശക്തമാകുന്ന ഓപ്പറേഷൻ തൂഫാൻ പുരോഗമിക്കുന്നതിനിടെ ജനപ്രതിനിധികളും നേരിട്ട് രംഗത്തിറങ്ങുന്നത് ശ്രദ്ധേയമാണ്. ജനപ്രതിനിധികൾ, പൊലീസ്, പൊതുസമൂഹം എന്നിവർ ഒരുമിച്ച് ഇടപെട്ടാൽ മാത്രമേ ലഹരി വ്യാപനത്തിന് തടയിടാൻ കഴിയൂ എന്ന സന്ദേശം കൂടിയാണ് രാജാക്കാട്ടെ ഈ ഇടപെടൽ നൽകുന്നത്.

