OpenZone Banner

Last Updated on 06 Aug 2026 • 4:49 AM by Openzone Online

Advertisement

ഗുരുവായൂർ: സൗഹൃദബന്ധം അവസാനിപ്പിച്ച യുവതിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ട് പെൺവേഷത്തിൽ ഗുരുവായൂർ ക്ഷേത്രനടയിൽ കാത്തുനിന്ന യുവാവുൾപ്പെടെ ഇടുക്കി സ്വദേശികളായ അഞ്ചംഗ സംഘത്തെ ടെംപിള്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ മുട്ടം സ്വദേശികളായ ആദർശ് (ഒറ്റപ്ലാക്കൽ), പ്രസാദ് (ചോലമറ്റത്തിൽ), ബിനീഷ് (തൈപ്പറമ്പിൽ), ഷാഹിദ് (തേങ്ങിൽ), സ്റ്റീഫൻ (കാരക്കുന്നേൽ) എന്നിവരാണ് പിടിയിലായത്.

പടിഞ്ഞാറെ നടയിൽ പെൺവേഷത്തിൽ സംശയാസ്പദമായി കണ്ട പ്രസാദിനെ എസ്.എച്ച്.ഒ വിനോദ് വലിയാട്ടൂരിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആദ്യം കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്ത് കാറിൽ കാത്തുനിന്നിരുന്ന മറ്റ് നാല് പ്രതികളെയും പിടികൂടി. ഇവരിൽ നിന്ന് 16 ഗ്രാം കഞ്ചാവും പൊലീസ് കണ്ടെടുത്തു.ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന കൊലപാതക ഗൂഢാലോചന പുറത്തുവന്നത്.

തൃശൂരിലെ ഒരു സ്പായിൽ ജോലി ചെയ്യുന്ന ഇടുക്കി സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്താനാണ് സംഘം എത്തിയതെന്ന് പൊലീസ് അറിയിച്ചു. സൗഹൃദബന്ധത്തിൽ നിന്ന് യുവതി പിന്മാറിയതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.പ്രതികൾ തൃശൂരിലെത്തിയ വിവരം മനസ്സിലാക്കിയ യുവതി സുരക്ഷിതത്വത്തിനായി ഗുരുവായൂരിലേക്ക് മാറിയിരുന്നു. ഇത് അറിഞ്ഞെത്തിയ സംഘം, യുവതിയുടെ ശ്രദ്ധയിൽപ്പെടാതെ സമീപിക്കാൻ പ്രസാദിനെ പെൺവേഷം ധരിപ്പിച്ച് ക്ഷേത്രനടയിൽ കാത്തുനിർത്തുകയായിരുന്നു. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിൽ പദ്ധതി പൊളിഞ്ഞു.

പിടിയിലായ പ്രസാദിനും ആദർശിനുമെതിരെ കൊലപാതകശ്രമം ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. സുരക്ഷിതമായി കണ്ടെത്തിയ യുവതിയെ നാട്ടിലേക്ക് തിരിച്ചയച്ച പൊലീസ്, പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed