Last Updated on 31 Jul 2026 • 8:45 AM by Openzone Online

ചെറുതോണി: ഇടുക്കി ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജിൽ കെഎസ്‌യു–എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷാവസ്ഥ. കെഎസ്‌യു പ്രവർത്തകർ ക്യാമ്പസിനുള്ളിൽ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ടാണ് തർക്കം ആരംഭിച്ചത്. ഇടുക്കി പോലീസിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രണവിധേയമായി. ലഭിക്കുന്ന വിവരങ്ങൾ പ്രകാരം, കഴിഞ്ഞദിവസം രാത്രി ക്യാമ്പസിനുള്ളിലേക്ക് കൊടിമരം എത്തിച്ചിരുന്നുവെന്നും ഇന്ന് കെഎസ്‌യു പ്രവർത്തകർ അത് സ്ഥാപിക്കുകയായിരുന്നുവെന്നും പറയുന്നു. അതേസമയം, പുറത്തുനിന്നെത്തിയ ആളുകളാണ് സംഘർഷസാഹചര്യം സൃഷ്ടിക്കാൻ ശ്രമിച്ചതും കൊടിമരം സ്ഥാപിച്ചതുമെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കൊടിമരം സ്ഥാപിക്കുന്നതിനിടെ ഇരുവിഭാഗവും മുദ്രാവാക്യങ്ങൾ മുഴക്കിയതോടെ സംഘർഷസാധ്യത ഉയർന്നിരുന്നു.

2022 ജനുവരി 10-ന് കണ്ണൂർ സ്വദേശി ധീരജ് രാജേന്ദ്രൻ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ദേശീയ ശ്രദ്ധ നേടിയ കോളേജാണിത്. ആ സംഭവത്തിനുശേഷവും ഇടയ്ക്കിടെ ചെറിയ തോതിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഉണ്ടായിരുന്നെങ്കിലും പോലീസിന്റെ ഇടപെടലിലൂടെ അവ നിയന്ത്രണവിധേയമാക്കുകയായിരുന്നു.സംഭവത്തെ തുടർന്ന് ക്യാമ്പസിലും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കി. കോളേജുകളിൽ രാഷ്ട്രീയത്തിന്റെ പേരിൽ ആവർത്തിച്ച് സംഘർഷങ്ങൾ ഉണ്ടാകുന്നതിൽ പ്രദേശവാസികളും പി.ടി.എയും ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

കോളേജ് ക്യാമ്പസുകളിൽ സമാധാനാന്തരീക്ഷം ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് പല രക്ഷിതാക്കളുടെയും ആവശ്യം. തുടർസംഘർഷ സാധ്യത കണക്കിലെടുത്ത് ജാഗ്രതയോടെയാണ് ഇടുക്കി പോലീസ് സ്ഥിതിഗതികൾ നിരീക്ഷിച്ചുവരുന്നത്.
