Last Updated on 08 Jun 2026 • 2:43 PM by Openzone Online

ചെറുതോണി: അഞ്ചുവർഷത്തിലേറെ നീണ്ട ജനകീയ സമരങ്ങൾക്കും കാത്തിരിപ്പിനും ഒടുവിൽ നിർമ്മാണം പൂർത്തിയായ കരിമ്പൻ–കുട്ടപ്പൻ സിറ്റി റോഡ് വീണ്ടും വാട്ടർ അതോറിറ്റി പൊളിച്ചതിനെ തുടർന്ന് പ്രദേശത്ത് പ്രതിഷേധം ശക്തമായി. പൊതുമുതൽ സംരക്ഷണത്തിൽ അധികൃതർ കാണിച്ച അനാസ്ഥയാണ് വിവാദത്തിന് ഇടയാക്കിയത്. പ്രതിഷേധത്തിനിടെ കനത്ത മഴയിൽ നടത്തിയ കോൺക്രീറ്റ് പ്രവൃത്തികൾ സംരക്ഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാതിരുന്നതും നാട്ടുകാരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടി.
വർഷങ്ങളായി ദുരിതയാത്ര അനുഭവിച്ച പ്രദേശവാസികളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് വാഴത്തോപ്പ് പഞ്ചായത്ത് രണ്ട് മാസം മുൻപ് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിനായി നിർമ്മാണം പൂർത്തിയാകുന്നതിന് മുൻപേ ആവശ്യമായ സമയം അനുവദിക്കുകയും പൈപ്പ് ലൈൻ സ്ഥാപിക്കുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഐറിഷ് ഓട പൊളിച്ച് വീണ്ടും പൈപ്പ് സ്ഥാപിക്കുന്നതിനായി ഖനനം നടത്തിയതോടെയാണ് പുതിയ വിവാദങ്ങൾക്ക് തുടക്കമായത്. ഖനനം നടത്തിയ ഭാഗത്ത് വെള്ളം മണ്ണിലേക്ക് ഇറങ്ങി റോഡിന്റെയും ഐറിഷ് ഓടയുടെയും അടിയിലൂടെ ഒഴുകി ഏകദേശം 150 മീറ്ററോളം അകലെയുള്ള ഭാഗത്ത് പുറത്തേക്ക് വരുന്നതായി നാട്ടുകാർ കണ്ടെത്തി. ഇതോടെ റോഡിന്റെ അടിഭാഗം വലിയ തോതിൽ ഒലിച്ചുപോയതായും പല ഭാഗങ്ങളിലും വിള്ളലുകളും താഴ്ചകളും രൂപപ്പെട്ടതായും പ്രദേശവാസികൾ ആരോപിക്കുന്നു. പുതുതായി നിർമ്മിച്ച റോഡിന്റെ സ്ഥിരത തന്നെ അപകടത്തിലായിരിക്കുകയാണെന്നും മുഴുവൻ ഭാഗവും സാങ്കേതിക പരിശോധനയ്ക്ക് വിധേയമാക്കി പുനർനിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് മണ്ണൊലിച്ച് ഗർത്തം രൂപപ്പെട്ട ഭാഗം കോൺക്രീറ്റ് ചെയ്ത് മൂടാനുള്ള ശ്രമമാണ് നടന്നത്. എന്നാൽ കനത്ത മഴ പെയ്യുന്നതിനിടെ പോലും കോൺക്രീറ്റ് സംരക്ഷിക്കാൻ ആവശ്യമായ പ്ലാസ്റ്റിക് ഷീറ്റുകളോ മറ്റ് സംവിധാനങ്ങളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. മഴയിൽ കോൺക്രീറ്റ് ഒഴുകിപ്പോകാതിരിക്കാൻ അതിഥി തൊഴിലാളികൾ സമീപത്തെ കൊക്കോ മരങ്ങളിൽ നിന്നുള്ള ഇലകൾ ശേഖരിച്ച് മൂടിയ ദൃശ്യങ്ങൾ നാട്ടുകാരിൽ അതൃപ്തി വർധിപ്പിച്ചു. പിന്നീട് പ്രദേശവാസികൾ തന്നെ പ്ലാസ്റ്റിക് ഷീറ്റുകൾ എത്തിച്ചാണ് കോൺക്രീറ്റ് ചെയ്ത ഭാഗം സംരക്ഷിച്ചത്.
സംഭവത്തിൽ പ്രതിഷേധവുമായി രംഗത്തെത്തിയ നാട്ടുകാർ കരാറുകാരുമായി വാക്കേറ്റത്തിലേർപ്പെട്ടു. തുടർന്ന് പൊതുപ്രവർത്തകനായ ഷീൻ ജോസഫിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ കേടുപാടുകൾ സംഭവിച്ച ഭാഗങ്ങൾ പൂർണമായും പുനർനിർമിച്ച് നൽകാമെന്ന് കരാറുകാരൻ ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധത്തിന് താൽക്കാലിക വിരാമമായത്.

പൊതുജനങ്ങളുടെ നികുതിപ്പണം ചെലവഴിച്ച് നിർമ്മിച്ച റോഡുകൾ വകുപ്പുകൾ തമ്മിലുള്ള ഏകോപനക്കുറവും അശ്രദ്ധയും മൂലം വീണ്ടും നശിപ്പിക്കപ്പെടുന്നത് വികസന പ്രവർത്തനങ്ങളുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം ഉറപ്പാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
