Last Updated on 14 May 2026 • 6:49 AM by Openzone Online

തിരുവനന്തപുരം: ദീർഘനാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ഒടുവിൽ വി.ഡി. സതീശൻ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വൻ വിജയത്തിലേക്ക് നയിച്ച സതീശനെയാണ് കോൺഗ്രസ് ഹൈക്കമാൻഡ് ഒടുവിൽ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത്. എം.എൽ.എമാരിൽ വലിയ പിന്തുണ കെ.സി. വേണുഗോപാലിനുണ്ടായിരുന്നുവെങ്കിലും സംസ്ഥാനത്തെ പൊതുവികാരം, ഘടകക്ഷികളുടെ അഭിപ്രായം, മൂന്ന് മുൻ കെ.പി.സി.സി പ്രസിഡന്റുമാരുടെ ശക്തമായ നിലപാട് എന്നിവ സതീശന് അനുകൂലമായി. 100 സീറ്റ് കിട്ടിയില്ലെങ്കിൽ രാഷ്ട്രീയം വിട്ട് വനവാസത്തിന് പോകും എന്ന ആത്മവിശ്വാസ പ്രഖ്യാപനം നടത്തിയ സതീശൻ, തിരഞ്ഞെടുപ്പ് ഫലത്തോടെ യു.ഡി.എഫിന്റെ അനിഷേധ്യ നേതാവായി മാറുകയായിരുന്നു.

2021-ൽ പ്രതിപക്ഷ നേതാവായതുമുതൽ തൃക്കാക്കര, പുതുപ്പള്ളി ഉൾപ്പെടെയുള്ള ഉപതിരഞ്ഞെടുപ്പുകളിലും ലോക്സഭാ, തദ്ദേശ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിന് വിജയമൊരുക്കിയ നേതാവെന്ന ഇമേജാണ് സതീശനെ മുന്നിലെത്തിച്ചത്. തറനിരപ്പിൽ പാർട്ടി സംവിധാനത്തെ സജീവമാക്കുകയും സംസ്ഥാനമൊട്ടാകെ നേരിട്ട് പ്രചാരണം നയിക്കുകയും ചെയ്തതാണ് അദ്ദേഹത്തിന്റെ വലിയ കരുത്തായി വിലയിരുത്തപ്പെടുന്നത്.
നിയമസഭയിൽ പിണറായി സർക്കാരിനെതിരെ ശക്തമായ പ്രതിപക്ഷ ശബ്ദമായും സതീശൻ ശ്രദ്ധിക്കപ്പെട്ടു. പരിസ്ഥിതി രാഷ്ട്രീയം, പാർട്ടിയിലെ തിരുത്തൽ നിലപാടുകൾ, സമുദായ ഇടപെടലുകളെതിരായ വിമർശനങ്ങൾ എന്നിവയിലൂടെ വേറിട്ട മുഖം അദ്ദേഹം സൃഷ്ടിച്ചു.എന്നാൽ മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന സതീശന് മുന്നിൽ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, വിലക്കയറ്റം, ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ വെല്ലുവിളികൾ തുടങ്ങി നിരവധി കടുത്ത പ്രശ്നങ്ങളാണ് കാത്തിരിക്കുന്നത്. പ്രതിപക്ഷ നേതാവെന്ന നിലയിലെ പോരാട്ട വീര്യം ഭരണത്തിലുമെത്തിക്കാനാകുമോ എന്നതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.

