Last Updated on 09 Nov 2026 • 8:00 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ : വണ്ടിപ്പെരിയാർ ഗ്രാമ്പി മേഖലയിൽ വന്യമൃഗ ഭീഷണിയിൽ കഴിയുന്ന പ്രദേശവാസികൾക്ക് സുരക്ഷിത യാത്ര ഒരുക്കുന്നതിനായി റോഡിനിരുവശവും വളർന്ന കാടുകൾ വെട്ടിത്തെളിച്ച് നാട്ടുകാർ. തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പോബ്സ് എസ്റ്റേറ്റിന്റെ തേയിലത്തോട്ടങ്ങൾ കാടുകയറിയതോടെ മേഖലയിൽ കാട്ടാന, കടുവ തുടങ്ങിയ വന്യമൃഗങ്ങളുടെ സാന്നിധ്യം വർധിച്ചതാണ് ജനങ്ങളെ ആശങ്കയിലാക്കുന്നത്.

അധികൃതരുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ തന്നെ രംഗത്തിറങ്ങി ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്.

വണ്ടിപ്പെരിയാറിൽ നിന്ന് ഗ്രാമ്പി വഴി പരുന്തുംപാറയിലേക്ക് പോകുന്ന റോഡിന്റെ ഇരുവശങ്ങളിലുമാണ് കാടുകൾ വളർന്ന് യാത്രയ്ക്ക് തടസ്സവും ഭീഷണിയുമായി മാറിയിരിക്കുന്നത്. ഏറെക്കാലമായി വന്യമൃഗങ്ങളുടെ സാന്നിധ്യം കാരണം ഭീതിയോടെയാണ് പ്രദേശവാസികൾ ഇതുവഴി യാത്ര ചെയ്യുന്നത്. തൊഴിൽ പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം നിലച്ച പോബ്സ് എസ്റ്റേറ്റിന്റെ തേയിലത്തോട്ടങ്ങൾ കാടുകയറിയതോടെ വന്യമൃഗങ്ങൾക്ക് താവളമൊരുങ്ങിയ സാഹചര്യമാണ് നിലവിലുള്ളത്.

കഴിഞ്ഞ ദിവസവും സമീപപ്രദേശത്ത് കടുവയുടെ സാന്നിധ്യം കണ്ടതോടെ യാത്രക്കാരും പ്രദേശവാസികളും കൂടുതൽ ആശങ്കയിലായി. റോഡിനിരുവശവും വളർന്നുനിൽക്കുന്ന കാടുകൾ വന്യമൃഗങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിനും തടസ്സമാകുന്നുണ്ട്. ഇതിന് പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളുണ്ടാകാത്ത സാഹചര്യത്തിലാണ് നാട്ടുകാർ കൂട്ടായ്മയായി രംഗത്തിറങ്ങിയത്. റോഡരികിലെ കാടുകൾ വെട്ടിമാറ്റി വാഹനയാത്രക്കാർക്കും കാൽനടയാത്രക്കാർക്കും കൂടുതൽ സുരക്ഷിതമായ യാത്രാസാഹചര്യം ഒരുക്കുകയായിരുന്നു ലക്ഷ്യം.

ഇതിനുപുറമെ പ്രദേശത്തെ കുടിവെള്ള വിതരണത്തിനായി ഉപയോഗിക്കുന്ന കുളവും ടാങ്കും കാടുപടലങ്ങൾ മൂടിയ നിലയിലായിരുന്നു. ഇതുമൂലം കുടിവെള്ളം പമ്പ് ചെയ്യുന്നതിനും തടസ്സങ്ങൾ നേരിട്ടിരുന്നു. നാട്ടുകാർ ഇവിടെ ശുചീകരണ പ്രവർത്തനങ്ങളും നടത്തി.

മുൻ വാർഡ് മെമ്പർ പ്രേംകുമാറിന്റെ നേതൃത്വത്തിൽ മണികണ്ഠൻ, അബ്രഹാം, പ്രശാന്ത്, മനു, മഹാദേവൻ, ജോണി, ജേക്കബ്, രവികുമാർ തുടങ്ങിയവരാണ് കാടുകൾ വെട്ടിത്തെളിക്കുന്നതിനും ശുചീകരണ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയത്.

വണ്ടിപ്പെരിയാർ മുതൽ റോഡിന്റെ ഇരുവശങ്ങളിലും വളർന്നുനിൽക്കുന്ന കാടുകൾ വരും ദിവസങ്ങളിലും വെട്ടിമാറ്റി യാത്ര കൂടുതൽ സുഗമമാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പ്രദേശവാസികൾ അറിയിച്ചു. വന്യമൃഗ ഭീഷണി നിലനിൽക്കുന്ന മേഖലയിൽ സ്ഥിരമായ സുരക്ഷാ സംവിധാനങ്ങളും അധികൃതരുടെ അടിയന്തര ഇടപെടലും വേണമെന്ന ആവശ്യവും നാട്ടുകാർ ഉയർത്തുന്നുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *