Last Updated on 25 Aug 2026 • 12:25 PM by Openzone Online

ഇടുക്കി: ഓണസദ്യയ്ക്കായി മലയാളി ഇലയൊരുക്കുമ്പോൾ, ഒരുകാലത്ത് കേരളത്തിന്റെ പച്ചക്കറി ആവശ്യത്തിന്റെ വലിയൊരു പങ്ക് നിറച്ചിരുന്ന കാന്തല്ലൂർ–വട്ടവട മേഖലയിൽ ഇത്തവണ കൃഷിയിടങ്ങൾ പലതും തരിശായി. കാലാവസ്ഥയിലെ പ്രതികൂല മാറ്റവും സർക്കാർ ഏജൻസികളുടെ സംഭരണവുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും കർഷകരെ കൃഷിയിൽ നിന്ന് പിന്നോട്ടടിപ്പിച്ചതോടെ, ഓണക്കാലത്ത് ഈ മേഖലയിൽ നിന്ന് കേരളത്തിലേക്ക് കാര്യമായ തോതിൽ പച്ചക്കറി എത്തില്ലെന്നാണ് സ്ഥിതി.മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനം പോലും പച്ചക്കറി കൃഷി ഇത്തവണ ഇല്ലെന്നാണ് കർഷകരുടെ വിലയിരുത്തൽ.
കാന്തല്ലൂർ സ്പെഷ്യൽ കാബേജ്, ബീൻസ്, ബട്ടർ ബീൻസ്, കാരറ്റ്, ചുവന്നുള്ളി, തക്കാളി തുടങ്ങിയ പ്രധാന വിളകളുടെ കൃഷി വ്യാപകമായി കുറഞ്ഞു. പല പ്രദേശങ്ങളിലും വെളുത്തുള്ളി മാത്രമാണ് കാര്യമായി കൃഷി ചെയ്തിട്ടുള്ളത്.
കാലാവസ്ഥയും ഇത്തവണ കർഷകരെ കൈവിട്ടു. കേരളത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ മഴ ലഭിച്ചപ്പോൾ, കാന്തല്ലൂർ–വട്ടവട മേഖലയിൽ ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു. ഇതിനൊപ്പം ഹോർട്ടികോർപ്പ്, വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിൽ, ലേല വിപണി തുടങ്ങിയ സർക്കാർ സംവിധാനങ്ങൾ പച്ചക്കറി സംഭരിക്കുന്ന കാര്യത്തിൽ വ്യക്തതയില്ലാതായതും കർഷകരെ ആശങ്കയിലാക്കി.
മുൻ വർഷങ്ങളിൽ സർക്കാർ ഏജൻസികൾ നാമമാത്രമായെങ്കിലും പച്ചക്കറി സംഭരിച്ചിരുന്നു. എന്നാൽ മുൻപ് സംഭരിച്ച ഉൽപ്പന്നങ്ങളുടെ ഏകദേശം 20 ലക്ഷം രൂപ ഇപ്പോഴും ലഭിക്കാനുണ്ടെന്നാണ് കർഷകരുടെ ആരോപണം. പണം ലഭിക്കാത്തതും വിപണിയെക്കുറിച്ചുള്ള അനിശ്ചിതത്വവും കർഷകരെ പുതിയ കൃഷിയിറക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചതായും അവർ പറയുന്നു.പെരുമല, പുത്തൂർ, കുളച്ചിവയൽ, ഗുഹനാഥപുരം തുടങ്ങിയ പച്ചക്കറി വിളനിലങ്ങളിൽ പലതും ഇപ്പോൾ തരിശായി കിടക്കുകയാണ്.

കൊളുത്താമലയിൽ ഉരുളക്കിഴങ്ങും കീഴാന്തൂർ മേഖലയിൽ ചില കർഷകർ ബീൻസും മാത്രമാണ് കൃഷി ചെയ്തിട്ടുള്ളത്. പ്രാദേശിക കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുന്നതിനുപകരം തമിഴ്നാട്ടിൽ നിന്ന് ഇടനിലക്കാർ വഴി ഉൽപ്പന്നങ്ങൾ എത്തിക്കുന്ന പ്രവണതയാണ് തങ്ങളുടെ പ്രതിസന്ധിക്ക് കാരണമാകുന്നതെന്നും കർഷകർ ആരോപിക്കുന്നു.കാന്തല്ലൂർ–വട്ടവടയിലെ പച്ചക്കറി കൃഷി തകർന്നാൽ അതിന്റെ പ്രത്യാഘാതം കർഷകരിൽ മാത്രം ഒതുങ്ങില്ല. മേഖലയിലെ കാർഷിക ടൂറിസത്തിനും പ്രാദേശിക സമ്പദ്‌വ്യവസ്ഥയ്ക്കും ഇത് തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമാണ്.കർഷകനെ സംരക്ഷിച്ച് കൃഷി നിലനിർത്താൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. അല്ലെങ്കിൽ, മലയാളിയുടെ ഓണസദ്യയിലെ പല പച്ചക്കറികൾക്കും ഇത്തവണ സ്വന്തം നാട്ടിൽ തന്നെ വിളയാത്ത അവസ്ഥയാകും.

