Last Updated on 25 Sep 2026 • 4:10 AM by Openzone Online

ചെറുതോണി: ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചെന്നാരോപിച്ച് യൂട്യൂബ് തന്ത്രി സുഭാഷിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിന്റെ ഭാഗമായി എസ്.എൻ.ഡി.പി യോഗം ഇടുക്കി യൂണിയന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് ചെറുതോണിയിൽ പ്രതിഷേധ പ്രകടനം നടത്തുമെന്ന് യൂണിയൻ സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് അറിയിച്ചു.
ഗുരുദേവന്റെ ആശയങ്ങളെയും വ്യക്തിത്വത്തെയും അപമാനിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ അംഗീകരിക്കാനാകില്ലെന്ന നിലപാടിലാണ് ശ്രീനാരായണീയർ. സംഭവത്തിൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ നൽകിയിട്ടുണ്ടെന്നും, നിയമനടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും ഉൾപ്പെടെ പരാതികൾ സമർപ്പിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.
ശ്രീനാരായണ ഗുരുദേവൻ ഒരു സമുദായത്തിന്റെ മാത്രം ഗുരുവല്ലെന്നും സമത്വം, സഹോദര്യം, മാനവികത എന്നിവയുടെ സന്ദേശം ലോകത്തിന് പകർന്ന മഹാഗുരുവാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു. നിയമപരമായ അന്വേഷണം നടത്തി ശക്തമായ നടപടി സ്വീകരിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ചെറുതോണിയിലെ പ്രതിഷേധം. സമാധാനപരവും ജനാധിപത്യപരവുമായ രീതിയിലായിരിക്കും പ്രതിഷേധമെന്നും സംഘാടകർ വ്യക്തമാക്കി.
വൈകിട്ട് നടക്കുന്ന പ്രതിഷേധ പ്രകടനത്തിൽ ഇടുക്കി യൂണിയൻ പ്രസിഡന്റ് പി. രാജൻ ,വൈസ് പ്രസിഡന്റ് അഡ്വ :കെ. ബി സെൽവം, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് ,വൈദിക സമിതി ചെയർമാൻ എ.എസ് മഹേന്ദ്രൻ ശാന്തികൾ, കൺവീനർ പ്രമോദ് ശാന്തി യൂണിയൻ കൗൺസിലർമാരായ മനേഷ് കുടിക്കയത്ത്, ജോബി കണിയാംകുടി, ഷാജി പുലിയാമാറ്റം , K.S ജിസ്സ്, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം ബിനിഷ് കോട്ടൂർ, വനിതാസംഘം പ്രസിഡന്റ് ഷീല കമലദരൻ,വൈസ് പ്രസിഡന്റ് പുഷ്പ മോഹൻ ,സെക്രട്ടറി ഷീല രാജീവ്, യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് ജോമോൻ കണിയാംകുടിയിൽ ,വൈസ് പ്രസിഡന്റ് അഖിൽ സാബു, സെക്രട്ടറി ബിബിൻ കുന്നിനിയിൽ എന്നിവർ നേതൃത്വം നൽകും.

