Last Updated on 23 Oct 2026 • 11:45 AM by Openzone Online

Advertisement

വണ്ടിപ്പെരിയാർ: ശബരിമല മണ്ഡലകാല തീർഥാടനത്തോടനുബന്ധിച്ച് വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്തിൽ ഇത്തവണ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുമെന്ന് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്.

തീർഥാടകർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താനും നടപടികൾ സ്വീകരിക്കും. ശബരിമല തീർഥാടകർക്കായി ഓൺലൈൻ ബുക്കിംഗ് സൗകര്യം ആരംഭിക്കുന്ന വാളാർഡി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തും.

മണ്ഡലകാലത്ത് വണ്ടിപ്പെരിയാർ മേഖലയിലൂടെ കടന്നുപോകുന്ന തീർഥാടകർക്ക് സുഗമമായ യാത്രയും ആവശ്യമായ സൗകര്യങ്ങളും ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതിനായി വാളാർഡിയിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കും. തീർഥാടകരുടെ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാൻ കൂടുതൽ ട്രാഫിക് പോലീസിനെ നിയോഗിക്കും.

തിരക്ക് നിയന്ത്രിക്കുന്നതിനും വാഹനങ്ങളുടെ സുഗമമായ നീക്കം ഉറപ്പാക്കുന്നതിനും ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. വണ്ടിപ്പെരിയാർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിച്ച് ആരോഗ്യ സേവനങ്ങൾ ശക്തിപ്പെടുത്തും.

തീർഥാടന കാലത്ത് അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്നതിനും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തും. സത്രത്തിൽ മുൻ വർഷങ്ങളിലേതുപോലെ തീർഥാടകർക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.ശബരിമല തീർഥാടന കാലത്ത് വണ്ടിപ്പെരിയാർ മേഖലയിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഹരിദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കളക്ടർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ മുന്നൊരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും തീർഥാടകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകാതിരിക്കാനും യോഗം നിർദേശിച്ചു.ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ എ.ഡി.എം മിനി കെ. ജോൺ, ആർ.ഡി.ഒ എസ്. ശ്രീജിത്ത്, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ആർ. ഷൈനി, ജില്ലാ പഞ്ചായത്ത് അംഗം മണിമേഖല മുനിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുഭാഷ്, വിവിധ വകുപ്പു മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed