Last Updated on 22 Oct 2026 • 5:09 AM by Openzone Online

കഞ്ഞിക്കുഴി: മതസൗഹാർദ്ദത്തിന്റെ സന്ദേശമുയർത്തി കഞ്ഞിക്കുഴി വാകച്ചുവട് സെന്റ് മേരീസ് കപ്പേളയിലെ പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷം. തിരുനാൾ പ്രദക്ഷിണത്തിന് മഴുവടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഭാരവാഹികൾ സ്വീകരണം നൽകി. മതസൗഹാർദ്ദത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മനോഹരമായ കാഴ്ചയ്ക്കാണ് വാകച്ചുവട് സാക്ഷ്യം വഹിച്ചത്.
തിരുനാൾ പ്രദക്ഷിണം ആദ്യമായാണ് മഴുവടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ സ്ഥലത്തേക്ക് എത്തുന്നത് എന്ന പ്രത്യേകതയും ഇത്തവണത്തെ ആഘോഷത്തിനുണ്ട്. ക്ഷേത്ര ഭാരവാഹികൾ പ്രദക്ഷിണത്തെ സ്വാഗതം ചെയ്തത് നാടിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തിന് കൂടുതൽ തിളക്കമേകി. വിവിധ മതവിഭാഗങ്ങൾ തമ്മിലുള്ള ഐക്യവും പരസ്പര ബഹുമാനവും വിളിച്ചോതുന്നതായി ഈ സ്വീകരണം.

കഞ്ഞിക്കുഴി വാകച്ചുവട് സെന്റ് മേരീസ് കപ്പേളയിൽ 2026 ഒക്ടോബർ 12 മുതൽ 21 വരെയാണ് പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചത്. തിരുനാളിന്റെ ഭാഗമായി പ്രാർഥനകളും ദിവ്യബലിയും മറ്റ് ആത്മീയ ചടങ്ങുകളും നടന്നു. വികാരി ഫാ. ജയിംസ് ശൗര്യാംകുഴിയുടെ നേതൃത്വത്തിൽ നടന്ന തിരുനാൾ ചടങ്ങുകളിൽ ഫാദർ ഗോഡ്സെൻ കണ്ണം പ്ലാക്കൽ വിശുദ്ധബലി അർപ്പിച്ചു.
തിരുനാൾ പ്രതിക്ഷണവും മറ്റു ചടങ്ങുകൾക്കും ശേഷം സ്നേഹവിരുന്നും നടന്നു. ചടങ്ങുകൾക്ക് ബെന്നി തോമസ് കണ്ണം പ്ലാക്കൽ,സിബി തോമസ് മാളിയേക്കൽ,ജോബീഷ് ജോർജ്,ഷാജി തോമസ്,സന്തോഷ് ചാക്കോ,ജോമോൻ തോമസ്,റോയ് ജോസഫ്,ലിജു വലിയകുളം,അഞ്ചു ജോളി,കേ റ്റി ജോസഫ് എന്നിവർ നേതൃത്വം നൽകി.

