Last Updated on 28 Sep 2026 • 2:20 AM by Openzone Online

മൂന്നാർ: നീലക്കുറിഞ്ഞി കാണാനെത്തി പള്ളിവാസലിൽ മലമുകളിൽ സ്ഥാപിച്ച കുരിശിന് മുകളിൽ കയറി ഫോട്ടോഷൂട്ട് നടത്തി ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ കോഴിക്കോട് സ്വദേശികളായ നാലുപേർ അറസ്റ്റിൽ.
കോഴിക്കോട് ഉണ്ണിക്കുളം സ്വദേശി മുഹമ്മദ് അജ്മിൻ, പുതുപ്പാടി പെരുമ്പള്ളി സ്വദേശി മുഹമ്മദ് നിസാൻ, താമരശ്ശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് ഇർഫാൻ, മുഹമ്മദ് മുഖ്താർ എന്നിവരാണ് അറസ്റ്റിലായത്.
സെപ്റ്റംബർ 19-നായിരുന്നു സംഭവം. പള്ളിവാസലിലെ സെന്റ് ആൻ ചർച്ചുമായി ബന്ധപ്പെട്ട് മലമുകളിൽ സ്ഥാപിച്ചിരുന്ന കുരിശിന് മുകളിലാണ് യുവാക്കൾ കയറി ഫോട്ടോയെടുത്തത്. സാധാരണയായി ആളുകൾക്ക് പ്രവേശനമില്ലാത്ത മേഖലയിലാണ് സംഭവം നടന്നതെന്നാണ് വിവരം.

നീലക്കുറിഞ്ഞി പൂത്തത് കാണാനെത്തിയ യുവാക്കൾ കുരിശിന് മുകളിൽ കയറി ചിത്രങ്ങളെടുക്കുകയും പിന്നീട് ഇവ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് മൂന്നാർ എഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തി യുവാക്കളെ പിടികൂടുകയായിരുന്നു.
മതവികാരം വ്രണപ്പെടുത്തിയെന്ന വകുപ്പിലാണ് നാലുപേർക്കുമെതിരെ കേസ് ചുമത്തിയിട്ടുള്ളത്.


