Last Updated on 22 Sep 2026 • 3:04 PM by Openzone Online

മുരിക്കാശേരി:പതിനൊന്നാം വയസ്സിൽ അച്ഛനെ നഷ്ടപ്പെട്ടു. കുടുംബം മുന്നോട്ടുകൊണ്ടുപോകാൻ അമ്മ കൂലിപ്പണിക്കിറങ്ങി. പ്രതിസന്ധികൾക്കിടയിലും പഠനത്തോടുള്ള ആത്മവിശ്വാസം കൈവിടാതെ മുന്നേറിയ ശ്രുതിമോൾ തമ്പി ഇന്ന് കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ് വിജയിച്ച ഡോക്ടർ.
ആ വിജയത്തിന്റെ സന്തോഷം നാടും ഏറ്റെടുത്തു. മുരിക്കാശേരി പടമുഖം പാറച്ചാലിൽ ശ്രുതിമോളുടെ വിജയത്തിന് പിന്നിൽ അമ്മ ബിന്ദുവിന്റെ അധ്വാനത്തിനൊപ്പം പ്രതിസന്ധിഘട്ടത്തിൽ ലഭിച്ച കൈത്താങ്ങും നിർണായകമായി. എം.ബി.ബി.എസ് പ്രവേശനം ലഭിച്ചെങ്കിലും പഠനച്ചെലവ് കണ്ടെത്താൻ കഴിയാതെ വന്ന ഘട്ടത്തിലാണ് സിപിഐഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസും മറ്റ് നേതാക്കളും ശ്രുതിയുടെ വീട്ടിലെത്തി പഠനസഹായം വാഗ്ദാനം ചെയ്തത്.
തുടർന്നുള്ള വർഷങ്ങളിൽ തന്റെ വിജയത്തിന് പിന്നിൽ നിന്ന സി.വി. വർഗീസിനോടുള്ള നന്ദി ശ്രുതിമോൾ പലതവണ പ്രകടിപ്പിച്ചു. വിജയത്തിളക്കത്തിൽ സംസാരിക്കുമ്പോഴും കുടുംബത്തോടൊപ്പം ചേർത്തുനിർത്തുകയും പഠനം പൂർത്തിയാക്കാൻ സഹായിക്കുകയും ചെയ്ത സി.വി. വർഗീസിനെയും പുരോഗമന പ്രസ്ഥാനത്തെയും ശ്രുതി പ്രത്യേകം നന്ദിയോടെ ഓർത്തു.
തുടർന്ന് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ പഠനച്ചെലവിനായി തുക സമാഹരിച്ച് നൽകി. ഇടപെടലിലൂടെ ശിശുക്ഷേമ സമിതിയുടെ സഹായവും ലഭിച്ചു. ഇതോടെ ബാങ്ക് വായ്പയില്ലാതെ ശ്രുതിക്ക് എം.ബി.ബി.എസ് പഠനം പൂർത്തിയാക്കാൻ കഴിഞ്ഞു. പ്ലസ് ടുവിന് 91.6 ശതമാനം മാർക്ക് നേടിയ ശ്രുതി മെഡിക്കൽ പ്രവേശന പരീക്ഷയിൽ സംസ്ഥാനതലത്തിൽ 4203-ാം റാങ്ക് നേടി കോഴിക്കോട് മലബാർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുകയായിരുന്നു.
അച്ഛന്റെ വേർപാടിന് ശേഷം കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത അമ്മ ബിന്ദു കൂലിപ്പണിക്കിറങ്ങിയാണ് മക്കളുടെ പഠനം മുന്നോട്ടുകൊണ്ടുപോയത്. അനിയത്തി സൂര്യയും പഠനം തുടരുകയാണ്. ഇതിനിടെ ചോർന്നൊലിക്കുന്ന വീടിന് പകരം ലൈഫ് പദ്ധതിയിൽ പുതിയ വീടിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.
ശ്രുതിയുടെ വിജയത്തെ തുടർന്ന് മുരിക്കാശേരി-പടമുഖം ഗ്രാമങ്ങൾ സ്നേഹാദരവുമായി ഒരുമിച്ചു. സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുമോദനച്ചടങ്ങിൽ നാട്ടുകാരും ജനപ്രതിനിധികളും കുടുംബാംഗങ്ങളും പങ്കെടുത്തു. സംഘാടക സമിതി ചെയർമാൻ പി.ബി. സബീഷ് അധ്യക്ഷനായി. പൊതുയോഗം സി.വി. വർഗീസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സെക്രട്ടറിയറ്റംഗം റോമിയോ സെബാസ്റ്റ്യൻ, കൺവീനർ ഇ.എൻ. ചന്ദ്രൻ, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് സണ്ണി പൈമ്പള്ളി, ജോസ് വർഗീസ്, ലിസ്സി ജോസ്, അഡ്വ. മാളവിക ബാബു, കെ.എം. ബോബസ്, ഡോ. കെ. സൗമ്യ, ഹെഡ്മാസ്റ്റർ ബിനോയ് സെബാസ്റ്റ്യൻ, കെ.ടി. രാജീവ് എന്നിവർ സംസാരിച്ചു. വിവിധ ഉപഹാരങ്ങളും സമർപ്പിച്ചു.
ബിരുദാനന്തര ബിരുദ പഠനത്തിനുള്ള തയ്യാറെടുപ്പിലാണ് ഡോ. ശ്രുതിമോൾ. അച്ഛനെ നഷ്ടപ്പെട്ട ബാല്യത്തിൽ നിന്ന് ഒന്നാം റാങ്കുകാരിയായ ഡോക്ടറിലേക്കുള്ള യാത്രയിൽ, അമ്മയുടെ അധ്വാനവും ശ്രുതിയുടെ പോരാട്ടവീര്യവും നാടിന്റെ കൈത്താങ്ങും ചേർന്ന കഥയാണ് ഈ വിജയത്തിനുള്ളത്.


