Last Updated on 01 Oct 2026 • 9:50 AM by Openzone Online

ചെറുതോണി: വന്യജീവി ആക്രമണത്തിന് കാരണം മനുഷ്യന്റെ ഇടപെടലാണെന്ന മുഖ്യമന്ത്രിയുടെ വാദം തലതിരിഞ്ഞ തത്വം; ഉത്തരവ് പിൻവലിക്കാതെ സമരങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കർഷകസംഘംജില്ലാ കളക്ടർ ഇറക്കിയിരിക്കുന്ന ഉത്തരവ് മുഖ്യമന്ത്രിയുൾപ്പെടെയുള്ള എല്ലാവരും അറിഞ്ഞുകൊണ്ടുള്ളതാണെന്ന് കേരള കർഷകസംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.
വന്യജീവികളെ മനുഷ്യൻ ശല്യം ചെയ്യുന്നതുകൊണ്ടാണ് വന്യജീവി ആക്രമണം ഉണ്ടാകുന്നതെന്ന തലതിരിഞ്ഞ തത്വമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇടുക്കി ഉടുമ്പഞ്ചോല എംഎൽഎമാരായ റോയി കെ. പൗലോസും സേനാപതി വേണുവും കളക്ടറെ അനുകൂലിച്ചുകൊണ്ടാണ് പത്രസമ്മേളനങ്ങൾ പോലും നടത്തുന്നത്.
ഇവർക്ക് പിന്നാലെ കോൺഗ്രസിന്റെ സകല നേതാക്കന്മാരും ഉത്തരവിനെ അനുകൂലിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇടുക്കി ജില്ലയ്ക്ക് ആകെ ബാധകമായ ഉത്തരവാണിത്. എന്നാൽ ചിന്നക്കനാലിലെ ചില പ്രദേശങ്ങളെ മാത്രം ഉദ്ദേശിച്ചുള്ള ഉത്തരവാണ് ഇതെന്നാണ് ഇവർ പറയുന്നത്.
എന്നാൽ ഉത്തരവ് വായിക്കുന്ന ആർക്കും കാര്യങ്ങൾ മനസ്സിലാകുമെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.ദുരന്തനിവാരണ അതോറിറ്റിയുടെ ഇത്തരം ഉത്തരവുകളെ ചോദ്യം ചെയ്യാൻ ഹൈക്കോടതിയിൽ മാത്രമേ സാധിക്കുകയുള്ളൂ. ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കുമ്പോൾ അത് ജനങ്ങളെ എങ്ങനെ ബാധിക്കുമെന്ന് ഇവർ മനസ്സിലാക്കണം.

ആനത്താരകൾ നിർണയിക്കാൻ വനംവകുപ്പ് കണ്ടെത്തുന്ന സ്ഥലങ്ങളിൽ ഈ നിയമം കൊണ്ടുവരുമെന്ന ബാലിശമായ തത്വങ്ങളാണ് ഇവിടെ പ്രയോഗിക്കാൻ ശ്രമിക്കുന്നത്. കഞ്ഞിക്കുഴി പട്ടണം ആനത്താരയാണെന്ന് വാദിക്കുന്ന വനംവകുപ്പ്, കോട്ടയം ഡിഎഫ്ഒയുടെ കീഴിലുള്ള പ്രദേശവും നേര്യമംഗലം വനമേഖലയും ഒന്നിച്ച് വന്യജീവികളുടെ സഞ്ചാരപാതയാക്കാൻ ശ്രമിക്കുകയാണ്.
പൂപ്പാറ മുതൽ കുമളി വരെയുള്ള സി.എച്ച്.ആർ മേഖല വന്യജീവി ഇടനാഴിയാണെന്ന് പറയുന്നവരാണ് ഇവർ. ആ വനംവകുപ്പിനെ തന്നെ ഈ കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള ചുമതല ഏൽപ്പിച്ചാൽ ഇവിടെ മനുഷ്യജീവിതം സാധ്യമാകുമോയെന്നും റോമിയോ സെബാസ്റ്റ്യൻ ചോദിച്ചു.
തൊഴിലാളികൾക്ക് രാത്രി നടക്കാൻ സാധിക്കില്ല എന്ന നിയമം കൊണ്ടുവന്നാൽ ഇവിടെ മനുഷ്യന് ജീവിക്കാൻ സാധിക്കുമോ. ഇത്തരത്തിലുള്ള ഉത്തരവുകൾ ഇടുക്കിയിലെ കോൺഗ്രസ് നേതൃത്വം അറിഞ്ഞുകൊണ്ട് തന്നെയാണ്.ഇടുക്കി കളക്ടറേറ്റിൽ എത്തിയ വനംവകുപ്പ് മന്ത്രി ഇക്കാര്യത്തെ അനുകൂലിച്ച് ന്യായീകരിച്ചാണ് സംസാരിച്ചത്.
ഇത്തരത്തിൽ ഒരു ഉത്തരവ് കോൺഗ്രസ് കാലങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ തുടർച്ചയാണിത്.ഇ.എസ്.ഐ കൊണ്ടുവന്നത്, 2013 നവംബർ 13-ന്റെ നിയന്ത്രണങ്ങൾ കൊണ്ടുവന്നത്, ബഫർ സോൺ കൊണ്ടുവന്നത് തുടങ്ങിയ നടപടികളിലൂടെ ഈ നാട്ടിൽ നിന്ന് കൃഷിക്കാരെ ഓടിക്കാൻ വേണ്ടി കാർബൺ ഫണ്ട് കൈപ്പറ്റി മുഴുവൻ കാര്യങ്ങളും ചെയ്തത് കോൺഗ്രസ് സർക്കാരുകളാണെന്നും റോമിയോ സെബാസ്റ്റ്യൻ ആരോപിച്ചു.
അന്നത്തെ നേതാക്കന്മാരായിരുന്നവരാണ് ഇപ്പോഴത്തെ ജനപ്രതിനിധികൾ. അതുകൊണ്ട് ഇവരാരും എംഎൽഎമാരായിരിക്കാൻ യോഗ്യരല്ലെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.ഇടുക്കി ജില്ലയെ വഞ്ചിച്ചവരാണ് ഇവർ. ഇവർക്കെതിരെയുള്ള ശക്തമായ പ്രതിഷേധം നമ്മുടെ നാട്ടിൽ ഉയരും. ഈ ഉത്തരവുകൾ പിൻവലിപ്പിക്കാതെ നമുക്ക് മുന്നോട്ടുപോകാൻ കഴിയില്ലെന്നും റോമിയോ സെബാസ്റ്റ്യൻ പറഞ്ഞു.

