OpenZone Banner

Last Updated on 11 May 2026 • 6:23 AM by Openzone Online

Advertisement

ഹൈദരാബാദ്: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങളും ആഗോള വിപണിയിലെ അനിശ്ചിതത്വങ്ങളും തുടരുന്നതിനിടെ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത സംരക്ഷിക്കാൻ ജനങ്ങളുടെ സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഹൈദരാബാദിൽ നടന്ന പൊതുചടങ്ങിൽ സംസാരിക്കവെ, രാജ്യസ്നേഹം അതിർത്തികളിൽ മാത്രം തെളിയിക്കേണ്ടതല്ല, മറിച്ച് ദിനചര്യയിലെ ഉത്തരവാദിത്വപരമായ സാമ്പത്തിക തീരുമാനങ്ങളിലൂടെയും അത് പ്രകടമാകണമെന്നും അദ്ദേഹം പറഞ്ഞു.

അനാവശ്യ ആഡംബര ചെലവുകളും വിദേശ ആശ്രയത്വവും കുറയ്ക്കേണ്ട സമയമാണിതെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, വിദേശരാജ്യങ്ങളിലെ ആഡംബര വിവാഹങ്ങൾ, അനാവശ്യ വിദേശയാത്രകൾ, അത്യാവശ്യമല്ലാത്ത സ്വർണവാങ്ങൽ എന്നിവ പരമാവധി ഒഴിവാക്കണമെന്ന് ജനങ്ങളോട് അഭ്യർഥിച്ചു. ഇതിലൂടെ രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം സംരക്ഷിക്കാനും രൂപയുടെ മൂല്യം സ്ഥിരതയോടെ നിലനിർത്താനും സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സ്വദേശീയ ഉൽപ്പന്നങ്ങൾക്ക് മുൻഗണന നൽകുകയും ആഭ്യന്തര വിനോദസഞ്ചാര മേഖല കൂടുതൽ ഉപയോഗിക്കുകയും ചെയ്യുന്നത് രാജ്യത്തെ ചെറുകിട വ്യാപാരികൾക്കും ടൂറിസം മേഖലയ്ക്കും വലിയ പിന്തുണയാകുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ത്യക്കുള്ളിൽ ചെലവഴിക്കുന്ന ഓരോ രൂപയും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുത്തുന്ന നിക്ഷേപമാണെന്നും അദ്ദേഹം പറഞ്ഞു.ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനായി മെട്രോ, ബസ്, ട്രെയിൻ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾ കൂടുതൽ ഉപയോഗിക്കണമെന്നും കാർ പൂളിങ് പ്രോത്സാഹിപ്പിക്കണമെന്നും മോദി നിർദേശിച്ചു. ഇത് ഇന്ധന ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിന് പുറമെ നഗരങ്ങളിലെ ഗതാഗതക്കുരുക്കും വായു മലിനീകരണവും കുറയ്ക്കാൻ സഹായിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സാധ്യമായിടത്ത് ‘വർക്ക് ഫ്രം ഹോം’ സംവിധാനം വ്യാപകമാക്കുന്നതും രാജ്യത്തിന്റെ ഇന്ധന ഉപയോഗത്തിൽ വലിയ കുറവ് വരുത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.

ഇലക്ട്രിക് വാഹനങ്ങളിലേക്കും സൗരോർജ സംവിധാനങ്ങളിലേക്കും മാറുന്നത് ഇന്ത്യയുടെ ഊർജസ്വാതന്ത്ര്യത്തിനുള്ള വലിയ ചുവടുവെയ്പ്പാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കർഷകർ രാസവള ഉപയോഗം കുറയ്ക്കുകയും ഡീസൽ പമ്പുകൾക്ക് പകരം സൗരോർജ പമ്പുകൾ സ്വീകരിക്കുകയും ചെയ്താൽ കൃഷിചെലവ് കുറയുന്നതിനൊപ്പം പരിസ്ഥിതിക്കും വലിയ ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഭക്ഷ്യഎണ്ണയുടെ അമിത ഉപയോഗം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രധാനമന്ത്രി, ഇത് രാജ്യത്തിന്റെ ഇറക്കുമതി ചെലവ് കുറയ്ക്കുന്നതിനൊപ്പം ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് ഓർമ്മിപ്പിച്ചു.ആഗോള സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്ന സാഹചര്യത്തിൽ സർക്കാർ നടപടികൾക്ക് പുറമെ ജനങ്ങളുടെ പങ്കാളിത്തവും അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. “ചെറിയ ചെറിയ ഉത്തരവാദിത്വപരമായ തീരുമാനങ്ങൾ ചേർന്നാൽ വലിയ ദേശീയ ശക്തിയായി മാറും” എന്നും പ്രധാനമന്ത്രി പറഞ്ഞു.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed