Last Updated on 21 Aug 2026 • 10:34 AM by Openzone Online

ചെറുതോണി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് തിരുത്തി നാടിന്റെ അഭിമാനമായി മാറിയ ‘കാൽവരി എക്സ്പ്രസ്’ ദേവപ്രിയ ഷൈബുവിന് സിപിഐ എം നൽകിയ വാഗ്ദാനം യാഥാർഥ്യമായി. ദേവപ്രിയയ്ക്കും കുടുംബത്തിനുമായി സിപിഐ എം ജില്ലാ കമ്മിറ്റി നിർമ്മിച്ച ‘സ്നേഹവീടിന്റെ’ താക്കോൽദാനം നിർവഹിച്ചു.
കാൽവരിമൗണ്ട് കൂട്ടക്കല്ലിൽ നടന്ന ചടങ്ങിൽ പിണറായി വിജയൻ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി. 25 ലക്ഷം രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിർമ്മിച്ചത്. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ ഒളിമ്പിക്സിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ 38 വർഷം പഴക്കമുള്ള റെക്കോർഡ് ദേവപ്രിയ മറികടന്നതിന് പിന്നാലെയാണ് സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് വീട് നിർമ്മിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചത്.

2025 ഒക്ടോബർ 29ന് തറക്കല്ലിട്ട വീടിന്റെ നിർമ്മാണം ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കുകയായിരുന്നു. വീട്ടിലേക്കാവശ്യമായ മുഴുവൻ ഫർണിച്ചറുകളും ഡിവൈഎഫ്ഐയും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റികളും ചേർന്നാണ് നൽകിയത്.
താക്കോൽദാന ചടങ്ങിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി എം.എം. മണി മുഖ്യപ്രഭാഷണം നടത്തി. ജോയിസ് ജോർജ്ജ്, കെ.പി. മേരി, റോമിയോ സെബാസ്റ്റ്യൻ, എം.ജെ. മാത്യു, പി.ബി. സബീഷ് എന്നിവർ ആശംസകൾ നേർന്നു.
