Last Updated on 19 Aug 2026 • 11:50 AM by Openzone Online

ചെറുതോണി: ലഹരിക്കെതിരെ സംസ്ഥാന സർക്കാർ നയിക്കുന്ന ഓപ്പറേഷൻ തൂഫാൻ ക്യാമ്പയ്നിന്റെ ജില്ലാതല ഉദ്ഘാടനത്തിന്റെ പോസ്റ്റർ പ്രകാശനം റോയി കെ. പൗലോസ് എംഎൽഎ നിർവഹിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് എഡിഎം മിനി കെ.ജോൺ, ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം, മുരിക്കാശ്ശേരി പാവനാത്മാ കോളജ് പ്രിൻസിപ്പൽ സിജോ പി. ജോർജ്, സംഘാടക സമിതി അംഗങ്ങളായ ഡോ. ജിജോ ജോർജ്, അലക്സ് തോമസ് എന്നിവർ പങ്കെടുത്തു.
പാവനാത്മാ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ സെപ്റ്റംബർ മൂന്നിന് നടക്കുന്ന ഓപ്പറേഷൻ തൂഫാൻ ജില്ലാതല ഉദ്ഘാടനവും പാവനാത്മാ കോളജ് ആരംഭിക്കുന്ന വിവിധ ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ലോഞ്ചിങ്ങും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്, അഡ്വ.ഡീൻ കുര്യാക്കോസ് എം പി, എംഎൽഎമാരായറോയി കെ.പൗലോസ്, അഡ്വ. സിറിയക് തോമസ്, അഡ്വ. സേനാപതി വേണു, എഫ്. രാജ, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, പോലീസ് മേധാവി ഡോ.എ. നസീം, ഇടുക്കി രൂപത ബിഷപ്പ് മാർ ജോൺ നെല്ലിക്കുന്നേൽ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. ലഹരി വിരുദ്ധ സന്ദേശം, പ്രചാരണ വാഹന ജാഥ ഉൾപ്പെടെ വിവിധ പരിപാടികൾ ഇതിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കുമെന്ന് സംഘാടകസമിതി അറിയിച്ചു.

