Last Updated on 14 Sep 2026 • 8:54 AM by Openzone Online

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ വൈറലായ തന്റെ എ.ഐ. ഡാൻസ് വീഡിയോ മെറ്റ നീക്കം ചെയ്തതിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. വീഡിയോ വ്യക്തിപരമായി ഏറെ സന്തോഷമുണ്ടാക്കിയെന്നും എന്നാൽ വീഡിയോ നീക്കം ചെയ്തതിന് പിന്നിൽ ചില നിയമപ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അഞ്ചുവയസ്സുള്ള കുട്ടി തന്റെ ഡാൻസ് ഗംഭീരമായിരുന്നെന്ന് പറഞ്ഞതായും മുഖ്യമന്ത്രി വ്യക്തമാക്കി.എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ വീഡിയോയിൽ മോഹൻലാലിനേക്കാളും വിജയിനേക്കാളും മികച്ച രീതിയിൽ താൻ നൃത്തം ചെയ്യുന്നുവെന്ന തരത്തിലുള്ള പരാമർശവും മുഖ്യമന്ത്രിയുടേതായി ഉൾപ്പെടുത്തിയിരുന്നു.
കെ.എസ്.ഇ.ബി. ജീവനക്കാർക്കൊപ്പമുള്ള മുഖ്യമന്ത്രിയുടെ എ.ഐ. ഡാൻസ് വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത്.ഇന്ത്യയിൽ മെറ്റ വീഡിയോ നീക്കം ചെയ്തിരുന്നു. രാജ്യത്തെ നിലവിലുള്ള ഐ.ടി. നിയമങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
എന്നാൽ ഇന്ത്യയ്ക്ക് പുറത്തുള്ള ചില രാജ്യങ്ങളിൽ വീഡിയോ ഇപ്പോഴും കാണാൻ സാധിക്കുന്നുണ്ട്.പവർകട്ടുമായി ബന്ധപ്പെട്ട് സർക്കാരിനും കെ.എസ്.ഇ.ബിക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനം ഉയർന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും കെ.എസ്.ഇ.ബി. ജീവനക്കാരും ഉൾപ്പെട്ട എ.ഐ. ഡാൻസ് വീഡിയോ ശ്രദ്ധ നേടിയത്.തൃശ്ശൂർ സ്വദേശിയായ അഭിജിത്തും ദുബായിലുള്ള സുഹൃത്ത് അഖിലും ചേർന്നാണ് എ.ഐ. സാങ്കേതികവിദ്യ ഉപയോഗിച്ച് വീഡിയോ തയ്യാറാക്കിയത്

