Last Updated on 30 Sep 2026 • 3:59 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി മെഡിക്കൽ കോളേജിൽ 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് കാലാവധി കഴിഞ്ഞ മരുന്ന് നൽകിയതായി പരാതി. കുഞ്ഞിന്റെ കഴുത്തിലെ അലർജിക്ക് ചികിത്സ തേടിയെത്തിയ കുടുംബത്തിനാണ് ഫാർമസിയിൽ നിന്ന് ഇത്തരത്തിൽ മരുന്ന് ലഭിച്ചത്.

കുഞ്ഞിന് നൽകുന്നതിന് മുമ്പ് കാലാവധി ശ്രദ്ധയിൽപ്പെട്ടതിനാൽ മറ്റു പ്രശ്നങ്ങൾ ഒഴിവായി. സംഭവത്തിൽ ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര അനാസ്ഥയുണ്ടായെന്ന് കാണിച്ച് കുട്ടിയുടെ കുടുംബം ആശുപത്രി സൂപ്രണ്ടിന് പരാതി നൽകി.

ഇടുക്കി മെഡിക്കൽ കോളേജിൽ ഫാർമസി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായതായി പരാതി. ഇടുക്കി ഭൂമിയാങ്കുളം സ്വദേശി തുണ്ടത്തിൽ സോബിൻ സണ്ണിയാണ് ആശുപത്രി സൂപ്രണ്ടിന് പരാതി നൽകിയിരിക്കുന്നത്. 21 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന് ജലദോഷവും കഴുത്തിൽ ത്വക്ക് അലർജിയും ഉണ്ടായതിനെ തുടർന്നാണ് മാതാപിതാക്കൾ മെഡിക്കൽ കോളേജ് ഒ.പിയിൽ എത്തിച്ചത്.

ഡോക്ടറെ കണ്ട് കുറിപ്പടി വാങ്ങിയ ശേഷം ആശുപത്രി ഫാർമസിയിൽ നിന്ന് ഇവർ ഓയിന്റ്മെന്റ് വാങ്ങി വീട്ടിലേക്ക് മടങ്ങി. എന്നാൽ കുഞ്ഞിന് പുരട്ടാനായി എടുത്തപ്പോഴാണ് മരുന്നിന്റെ കാലാവധി കഴിഞ്ഞ വിവരം ശ്രദ്ധയിൽപ്പെടുന്നത്. 2024 ജൂണിൽ നിർമ്മിച്ച് രണ്ട് വർഷം കാലാവധിയുണ്ടായിരുന്ന ഓയിന്റ്മെന്റാണ് മാസങ്ങൾക്ക് ശേഷവും രോഗികൾക്ക് വിതരണം ചെയ്തത്.

ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുങ്ങൾക്ക് നൽകുന്ന മരുന്നുകളിൽ പോലും ഫാർമസി ജീവനക്കാർ പ്രാഥമിക പരിശോധന നടത്താതെ വിതരണം ചെയ്യുന്നത് വലിയ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് കുടുംബം ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ഇത്തരമൊരു മരുന്ന് ഫാർമസിയിൽ സ്റ്റോക്കില്ലെന്ന നിലപാടിലാണ് ഒരു വിഭാഗം ജീവനക്കാർ. എന്നാൽ ആശുപത്രി ഫാർമസിയിൽ നിന്ന് തന്നെയാണ് മരുന്ന് ലഭിച്ചതെന്ന ആരോപണത്തിൽ കുടുംബം ഉറച്ചുനിൽക്കുന്നതോടെ, സംഭവത്തിൽ ആശുപത്രി സൂപ്രണ്ട് ഫാർമസി ജീവനക്കാരിൽ നിന്ന് വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *

You missed