Last Updated on 29 Sep 2026 • 4:04 PM by Openzone Online

തൊടുപുഴ: നവജാത ശിശുവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസിൽ അമ്മയ്ക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ. മറയൂർ നാച്ചിവയൽ പുളിക്കരവയൽ സ്വദേശിനി കുട്ടിയക്ക എന്ന റോസ്മേരി (46)യെയാണ് തൊടുപുഴ ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തി ശിക്ഷിച്ചത്.
2014 മെയ് 13നാണ് കേസിനാസ്പദമായ സംഭവം. റോസ്മേരിയുടെ വീട്ടിലെ കന്നുകാലിത്തൊഴുത്തിന്റെ മേൽക്കൂരയിൽ കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ നിലയിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
രഹസ്യമായി പ്രസവിച്ചശേഷം കുഞ്ഞിന്റെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കമ്പിളിപ്പുതപ്പിൽ പൊതിഞ്ഞ് തൊഴുത്തിന്റെ മേൽക്കൂരയിൽ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പ്രോസിക്യൂഷൻ കേസ്. തൊടുപുഴ ജില്ലാ ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി ആഷ് കെ. ബാൽ ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക അടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു.
കേസിന്റെ അന്വേഷണം മുൻ മൂന്നാർ പോലീസ് ഇൻസ്പെക്ടർ എ.ആർ. ഷാനിഖാൻ നടത്തി. മുൻ മൂന്നാർ പോലീസ് ഇൻസ്പെക്ടർ സാം ജോസ് പ്രതിക്കെതിരെ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പി.എസ്. രാജേഷ് ഹാജരായി.

