Last Updated on 01 Jul 2026 • 3:56 AM by Openzone Online

ഇടുക്കി:കഞ്ഞിക്കുഴി പഞ്ചായത്തിലെ മലയണ്ണാമല–ഇടത്തോട് മേഖലകളിലാണ് അടുത്തിടെയായി വനം വകുപ്പ് സമാന്തര സർക്കാർ പോലെ പ്രവർത്തിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. നഗരംപാറ റേഞ്ച് ഓഫീസർ ഹരീഷിൻ്റെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നതെന്നും, യുവാക്കളെ കസ്റ്റഡിയിലെടുത്ത് മർദിക്കുമെന്നുവരെ പരസ്യമായി ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്.

സാഫ് എന്ന സംഘടനയുടെ നേതൃത്വത്തിൽ, റവന്യൂ ഭൂമിയിൽ വനം വകുപ്പ് അനധികൃതമായി അവകാശം ഉന്നയിക്കുന്നതിനെതിരെ നാട്ടുകാർ നേരത്തേ പ്രതിഷേധിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. വനഭൂമിയുടെ അതിരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഉൾപ്പെടെ നിരവധി തവണ അപേക്ഷകൾ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് ഇവരുടെ ആരോപണം. ഇതാണ് വനം ജീവനക്കാർ നാട്ടുകാരോട് വൈരാഗ്യപരമായ സമീപനം സ്വീകരിക്കാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

നാൽപ്പത് വർഷങ്ങൾക്ക് മുൻപുതന്നെ ആളുകൾ കുടിയേറി താമസിക്കുന്ന പ്രദേശമാണ് ഇടത്തോട് മേഖല. റവന്യൂ തരിശുഭൂമിയായി കിടക്കുന്ന പാറകൾ ഉൾപ്പെടുന്ന സ്ഥലങ്ങൾ പോലും വനം വകുപ്പ് തങ്ങളുടേതാണെന്ന് അവകാശമുന്നയിക്കുന്നതായും നാട്ടുകാർ ആരോപിക്കുന്നു.പ്രദേശത്ത് പലപ്പോഴും ഉണ്ടാകുന്ന കാട്ടുതീ പോലും വനം വകുപ്പിന്റെ സംഭാവനയാണെന്ന ആരോപണവും ഉയരുന്നുണ്ട്. ഇത്തരത്തിൽ ഭീതി സൃഷ്ടിച്ച് പ്രദേശവാസികളെ കുടിയിറക്കാനാണ് വനം വകുപ്പ് ശ്രമിച്ചിരുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.
ജീവൻ ഭയന്ന് നിരവധി കുടുംബങ്ങൾ മലമുകളിൽ നിന്ന് താഴ്ന്ന പ്രദേശങ്ങളിലേക്ക് കുടിയേറിയതായും അവർ പറയുന്നു.വർഷങ്ങളുടെ പഴക്കമുള്ള തെങ്ങ് ഉൾപ്പെടെയുള്ള കൃഷികളും ഇവിടെ പതിറ്റാണ്ടുകളായി കർഷകർ താമസിക്കുന്നതിനുള്ള വ്യക്തമായ തെളിവാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.
ആറുവർഷം മുൻപ് വീടിന് സ്ഥലം നികത്തുന്നതിനിടെ രണ്ട് പാഴ്ത്തടികൾ പിഴുതുമാറ്റിയ സംഭവത്തിൽ ജെസിബി വനം വകുപ്പ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ ഇതുവരെ വാഹനം തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, ഇത്തരത്തിലുള്ള നടപടികളാണ് വനം വകുപ്പിന്റെ ജനദ്രോഹ നടപടികളെന്ന് പ്രദേശത്തെ യുവജനങ്ങൾ ആരോപിക്കുന്നു.
പുതിയ ഭരണകൂടം അധികാരത്തിലെത്തിയ സാഹചര്യത്തിലെങ്കിലും വനം വകുപ്പിന്റെ ഈ സമാന്തര സർക്കാർ സമീപനത്തിന് അറുതിവരുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ.
