Last Updated on 25 Sep 2026 • 7:09 AM by Openzone Online

Advertisement

ചെറുതോണി: ഇടുക്കി ജില്ല നേരിടുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടുക്കിയിലെത്തി. മുഖ്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായാണ് വി.ഡി. സതീശൻ ജില്ല സന്ദർശിക്കുന്നത്.

ഇടുക്കി കളക്ടറേറ്റിൽ ചേർന്ന പ്രത്യേക യോഗത്തിൽ ജില്ലയിലെ 20ലേറെ പ്രധാന വിഷയങ്ങൾ സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി മുഖ്യമന്ത്രി വിശദമായ ചർച്ച നടത്തി. ഭൂമിയുടെ പട്ടയം, വനഭൂമി-റവന്യൂ ഭൂമി സംബന്ധമായ വിഷയങ്ങൾ, കർഷകർ നേരിടുന്ന വിവിധ പ്രശ്നങ്ങൾ തുടങ്ങി ജില്ലയിൽ വർഷങ്ങളായി നിലനിൽക്കുന്ന വിഷയങ്ങളാണ് യോഗത്തിൽ പ്രധാനമായും പരിഗണിക്കുന്നതെന്നാണ് വിവരം.

ജില്ലയുടെ പ്രത്യേക ഭൂമിശാസ്ത്രപരവും നിയമപരവുമായ സാഹചര്യങ്ങൾ കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള നടപടികളാണ് യോഗത്തിൽ ചർച്ച ചെയ്യുന്നത്. റവന്യൂ, വനം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

മുഖ്യമന്ത്രിക്കൊപ്പം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണും ഭക്ഷ്യ-സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബും ഇടുക്കിയിലെത്തി. ഇടുക്കിയിലെ ഭൂമി സംബന്ധമായ വിഷയങ്ങളിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനം ശക്തമാക്കുന്നതും സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

കളക്ടറേറ്റിലെ ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി വിവിധ സന്ദർശന പരിപാടികളിലും പങ്കെടുക്കും. ബിഷപ്പ് ഹൗസിലെ സന്ദർശനത്തിന് ശേഷം ഇടുക്കി ഡിസിസി ഓഫീസിലും അദ്ദേഹം എത്തും. വർഷങ്ങളായി പരിഹാരം കാത്തുകിടക്കുന്ന നിരവധി ഭൂ പ്രശ്നങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് ഇടുക്കി. അതിനാൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്നത്തെ ചർച്ചകൾക്ക് ജില്ലയിൽ വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. യോഗത്തിൽ ഉയർന്നുവന്ന നിർദേശങ്ങളും സർക്കാർ സ്വീകരിക്കുന്ന തുടർനടപടികളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *