Last Updated on 18 Nov 2026 • 2:04 AM by Openzone Online

ന്യൂഡൽഹി:ഇടുക്കി ആർച്ച് ഡാം പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി 40 കോടി രൂപ ചെലവിൽ നടപ്പാക്കാൻ ലക്ഷ്യമിടുന്ന ‘ഇടുക്കി ആർച്ച് ഡാം, ഇക്കോ പാർക്ക് ആൻഡ് ഡാം മ്യൂസിയം’ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി തേടി ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെ നേരിൽക്കണ്ട് പദ്ധതിക്ക് സ്വദേശി ദർശൻ 2.0 പദ്ധതിയിൽ അംഗീകാരം നൽകണമെന്ന് എം.പി. ആവശ്യപ്പെട്ടു.
ആവശ്യം അനുഭാവപൂർവം പരിഗണിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായി ഡീൻ കുര്യാക്കോസ് എം.പി. അറിയിച്ചു. കേന്ദ്ര സർക്കാർ പദ്ധതിയായ സ്വദേശി ദർശൻ 2.0 പ്രകാരം കേരളം സമർപ്പിച്ച വിവിധ പദ്ധതികളിൽ ഇടുക്കി പദ്ധതിയും മുഖ്യ പരിഗണനയിലുണ്ട്. സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിന്റെ ഇടപെടലിന് എം.പി. നന്ദി രേഖപ്പെടുത്തി.
കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) തയ്യാറാക്കിയിട്ടുള്ളത്. സംസ്ഥാന ടൂറിസം വകുപ്പിന്റെ നേരിട്ടുള്ള ഇടപെടലിലൂടെ കെ.എസ്.ഇ.ബിയുടെയും വനംവകുപ്പിന്റെയും നിരാക്ഷേപ പത്രങ്ങൾ (എൻ.ഒ.സി) വേഗത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിച്ച മന്ത്രിമാരായ സണ്ണി ജോസഫിനും ഷിബു ബേബി ജോണിനും എം.പി. നന്ദി അറിയിച്ചു.

ഇനി കേന്ദ്ര സർക്കാരിന്റെ അന്തിമ അനുമതിയാണ് ലഭിക്കേണ്ടത്.നേരത്തെ 15-ാം ധനകാര്യ കമ്മിഷനുമായി ബന്ധിപ്പിച്ചായിരുന്നു സ്വദേശി ദർശൻ പദ്ധതികൾ മുന്നോട്ടുപോയിരുന്നത്. നിലവിൽ 16-ാം ധനകാര്യ കമ്മിഷൻ നിലവിൽ വന്ന സാഹചര്യത്തിൽ തുടർനടപടികൾ അതിനനുസരിച്ച് മാറ്റേണ്ടതുണ്ട്. ഇതിന് പിന്നാലെ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരവും ലഭ്യമാക്കണം.
നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ഏകദേശം രണ്ടുമാസം വേണ്ടിവരുമെന്നാണ് കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുള്ളതെന്നും എം.പി. അറിയിച്ചു. 40 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ അണക്കെട്ടിന്റെ ചരിത്രവും നിർമാണ സവിശേഷതകളും പരിചയപ്പെടുത്തുന്ന മ്യൂസിയവും വിവരാവതരണ കേന്ദ്രവും, ടിക്കറ്റ് കൗണ്ടർ, ഭക്ഷണശാല, വിശ്രമത്തിനുള്ള ഗസീബോ, ഇന്ദ്രിയാനുഭവ ഉദ്യാനം, ചിത്രശലഭ ഉദ്യാനം, കുട്ടികളുടെ കളിസ്ഥലം എന്നിവ ഉൾപ്പെടുന്നു.
ഇതിനുപുറമെ കാഴ്ചത്തട്ടിന് ചുറ്റുമുള്ള ഉദ്യാനവൽക്കരണം, തുറന്ന വേദി, നിരീക്ഷണ ഗോപുരം, മഞ്ഞുമൂടിയ ദൃശ്യപ്രതീതി സൃഷ്ടിക്കുന്ന മിസ്റ്റ് പ്രൊജക്ഷൻ സംവിധാനവും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.പദ്ധതി യാഥാർഥ്യമാകുന്നതോടെ ഇടുക്കി ആർച്ച് ഡാം പ്രദേശം കൂടുതൽ ആകർഷകമായ വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. ഡാമിന്റെ ചരിത്രവും പ്രകൃതിഭംഗിയും ആസ്വദിക്കാനാകുന്ന തരത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

