Last Updated on 02 Nov 2026 • 4:02 AM by Openzone Online

ചെറുതോണി: മഴക്കാലത്തിന്റെ മടക്കയാത്രയ്ക്ക് പിന്നാലെ ഇടുക്കിയുടെ മലനിരകളിൽ മഞ്ഞുകാലത്തിന്റെ വരവറിയിച്ചുതുടങ്ങി. തേയിലത്തോട്ടങ്ങളെയും പുൽമേടുകളെയും കോടമഞ്ഞിൽ പൊതിഞ്ഞ് പുലരികൾ കൂടുതൽ മനോഹരമാകുമ്പോൾ വിനോദസഞ്ചാര മേഖലയിലും ശൈത്യകാല സീസണിന്റെ പ്രതീക്ഷകൾ ഉയരുകയാണ്.
വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ മൂന്നാറിലാണ് തണുപ്പ് കൂടുതൽ പ്രകടമാകുന്നത്. കഴിഞ്ഞ ഒക്ടോബർ 30-ന് മൂന്നാർ ടൗണിലും നല്ലതണ്ണിയിലും പുലർച്ചെ താപനില 6 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു. മാട്ടുപ്പെട്ടി, കുണ്ടള മേഖലകളിൽ 8 ഡിഗ്രിയും ചെണ്ടുവര, ലക്ഷ്മി തുടങ്ങിയ ഉയർന്ന തോട്ടം മേഖലകളിൽ 5 ഡിഗ്രിയിൽ താഴെയും താപനില അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ.

തേയിലച്ചെടികളിലും പുൽമേടുകളിലും മഞ്ഞുകണങ്ങൾ പ്രത്യക്ഷപ്പെടുന്നതും കോടമഞ്ഞ് മലനിരകളെ മൂടുന്നതും ശൈത്യകാലത്തിന്റെ വരവറിയിക്കുന്ന കാഴ്ചകളാണ്. മൂന്നാറിലെ തണുത്ത കാലാവസ്ഥയും കോടമഞ്ഞും ആസ്വദിക്കാനെത്തുന്ന സഞ്ചാരികൾക്ക് വരുംദിവസങ്ങൾ ഏറെ ആകർഷകമാകുമെന്നാണ് ടൂറിസം മേഖലയിലെ പ്രതീക്ഷ.
മാട്ടുപ്പെട്ടി അണക്കെട്ട്, കുണ്ടള തടാകം, ടോപ് സ്റ്റേഷൻ, എക്കോ പോയിന്റ്, രാജമല, ഇരവികുളം ദേശീയോദ്യാനം തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രകൃതിയുടെ വ്യത്യസ്ത ഭാവങ്ങൾ ആസ്വദിക്കാനാകും. ജില്ലാ ആസ്ഥാന മേഖലയായ പൈനാവിനോട് ചേർന്ന് കുയിലിമലയും, കാൽവരി മൗണ്ടും പുലർച്ചെയുള്ള മഞ്ഞുപുതച്ച മലനിരകളും തേയിലത്തോട്ടങ്ങൾക്കിടയിലൂടെയുള്ള യാത്രയും ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കും സഞ്ചാരികൾക്കും വേറിട്ട അനുഭവമായിരിക്കും.

മൂന്നാറിന് പുറമെ ജില്ലാ ആസ്ഥാന മേഖലയായ പൈനാവിനോട് ചേർന്ന് കുയിലിമലയും, കാൽവരി മൗണ്ടും വാഗമൺ, രാമക്കൽമേട്, പരുന്തുംപാറ, പാഞ്ചാലിമേട് തുടങ്ങിയ ഇടുക്കിയിലെ മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും തണുപ്പുകാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളാണ്. പൈൻമരക്കാടുകളും വിശാലമായ പുൽമേടുകളും താഴ്വരകളെ മൂടുന്ന കോടമഞ്ഞും ഈ പ്രദേശങ്ങളുടെ സൗന്ദര്യം വർധിപ്പിക്കുന്നു.
പൈനാവും ചെറുതോണിയും കഞ്ഞിക്കുഴിയും ഉൾപ്പെടെയുള്ള മധ്യ ഇടുക്കി മേഖലകളിലും പുലർച്ചെയും രാത്രിയിലും തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിലും മൂന്നാറിലെയും ഉയർന്ന മലമ്പ്രദേശങ്ങളിലെയും പോലെ താപനില കുറയുന്ന സാഹചര്യമല്ല എല്ലായിടത്തും. കേരളത്തിൽ പൊതുവെ നവംബർ മുതൽ ഫെബ്രുവരി പകുതി വരെയാണ് തണുപ്പുകാലത്തിന്റെ സ്വഭാവം കൂടുതൽ പ്രകടമാകുന്നത്.
മൂന്നാറിന്റെ ഉയർന്ന പ്രദേശങ്ങളിൽ ചില വർഷങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുകയും മഞ്ഞുപാളികൾ രൂപപ്പെടുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തവണയും താപനില മൈനസിലേക്ക് താഴുമോ എന്നത് വരുംദിവസങ്ങളിലെ കാലാവസ്ഥയെ ആശ്രയിച്ചിരിക്കും. ശൈത്യകാലം സജീവമാകുന്നതോടെ ഇടുക്കിയിലെ വിനോദസഞ്ചാര മേഖലയ്ക്കും ഇത് പ്രതീക്ഷയുടെ കാലമാണ്.
ഹോട്ടലുകൾ, റിസോർട്ടുകൾ, ഹോംസ്റ്റേകൾ, ടൂറിസ്റ്റ് വാഹനങ്ങൾ, വഴിയോര വ്യാപാരികൾ തുടങ്ങി ടൂറിസവുമായി ബന്ധപ്പെട്ട നിരവധി മേഖലകൾക്ക് സഞ്ചാരികളുടെ വരവ് ഗുണകരമാകും. പ്രകൃതിഭംഗിയും തണുപ്പും ഒരുപോലെ ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇടുക്കിയുടെ മലനിരകൾ വീണ്ടും പ്രിയപ്പെട്ട യാത്രാ കേന്ദ്രങ്ങളാകുകയാണ്.

