Last Updated on 20 Nov 2026 • 8:52 AM by Openzone Online

ചെറുതോണി: കോൺഗ്രസ് വാഴത്തോപ്പ് മണ്ഡലം കമ്മിറ്റി നടത്തിയ വാർത്താസമ്മേളനങ്ങൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളായ സിജി ചാക്കോയും രാജു കല്ലറയ്ക്കലും ആരോപിച്ചു.
മുൻ മന്ത്രിയും ഇടുക്കി എം.എൽ.എയുമായിരുന്ന റോഷി അഗസ്റ്റിൻ വാഴത്തോപ്പ് പഞ്ചായത്തിലെ വിവിധ വാർഡുകളിലായി റോഡ് നിർമ്മാണത്തിന് അനുവദിച്ച 45 ലക്ഷം രൂപയുടെ വികസന ഫണ്ട് രാഷ്ട്രീയ താൽപ്പര്യത്തോടെ വകമാറ്റിയതാണെന്നും ഇതിന് തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും ഇവർ ചെറുതോണിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാഴത്തോപ്പ് പഞ്ചായത്തിലെ ഒന്നാം വാർഡിലും പതിനാലാം വാർഡിലും അവധിക്കുന്നിലുമായി റോഡ് നിർമ്മാണത്തിന് അനുവദിച്ച 45 ലക്ഷം രൂപയുടെ ഫണ്ട് വകമാറ്റിയതിനെതിരെയാണ് ജനപ്രതിനിധികൾ രംഗത്തെത്തിയത്. ഒന്നാം വാർഡിൽ അനുവദിച്ച 15 ലക്ഷം രൂപ കോൺഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ വീടിന് മുന്നിലേക്കുള്ള റോഡ് നിർമ്മാണത്തിനായി മാറ്റിയെന്ന കോൺഗ്രസ് ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിജി ചാക്കോയും രാജു കല്ലറയ്ക്കലും പറഞ്ഞു.
ഈ റോഡിന് നാല് ഗുണഭോക്താക്കൾ മാത്രമാണുള്ളതെന്ന വാദം തെറ്റാണെന്നും അഞ്ച് സെന്റ് മുതൽ ഒരേക്കർ വരെ ഭൂമിയുള്ള പതിനഞ്ചിലധികം സാധാരണ കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കുന്ന റോഡാണിതെന്നും അവർ വ്യക്തമാക്കി.പ്രദേശത്തെ കർഷകരെയും കൂലിപ്പണിക്കാരെയും റിയൽ എസ്റ്റേറ്റ് മാഫിയയായി ചിത്രീകരിച്ച കോൺഗ്രസ് നേതാക്കളുടെ നിലപാട് അപലപനീയമാണെന്നും ഇവർ ആരോപിച്ചു.
പതിനാലാം വാർഡിലെ മുസ്ലിം പള്ളി സിറ്റി പകിട്ടാൻ റോഡിന് അനുവദിച്ച 15 ലക്ഷം രൂപയും അവധിക്കുന്നിലെ എ.എഫ്.ജി.എ ചർച്ച് റോഡിന് അനുവദിച്ച 15 ലക്ഷം രൂപയും രണ്ട്, മൂന്ന് വാർഡുകളിലേക്ക് വകമാറ്റിയതായും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സെലിൻ വിൽസൺ നേരിട്ട് ഗുണഭോക്താവായ മുസ്ലിം പള്ളി സിറ്റി പകിട്ടാൻ റോഡിന്റെ ഫണ്ട് മാറ്റിയതിൽ അവർ നിലപാട് വ്യക്തമാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.
റോഷി അഗസ്റ്റിൻ അനുവദിച്ച ഫണ്ട് വകമാറ്റിയത് അതിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിനുവേണ്ടി നിലവിലെ എം.എൽ.എ റോയി കെ. പൗലോസ് നടത്തിയ നടപടിയാണെന്നും സിജി ചാക്കോയും രാജു കല്ലറയ്ക്കലും ആരോപിച്ചു. വിഷയത്തിൽ മാധ്യമങ്ങൾക്ക് മുന്നിൽ പ്രതികരിക്കാൻ എം.എൽ.എ തയ്യാറാകാത്തത് കുറ്റബോധം കൊണ്ടാണെന്നും അവർ കുറ്റപ്പെടുത്തി.
മുൻ എം.എൽ.എ അനുവദിച്ച പദ്ധതികളുടെ പിതൃത്വം ഏറ്റെടുക്കാനുള്ള തിടുക്കമാണ് നിലവിലെ എം.എൽ.എയുടെ നടപടിക്ക് പിന്നിലെന്നും ഇത് രാഷ്ട്രീയ മര്യാദകേടാണെന്നും ജനപ്രതിനിധികൾ പറഞ്ഞു. അനുവദിച്ച ഫണ്ട് പഴയ സ്ഥലങ്ങളിൽത്തന്നെ പുനഃസ്ഥാപിക്കാൻ എം.എൽ.എ തയ്യാറായില്ലെങ്കിൽ അടുത്ത അഞ്ചുവർഷക്കാലവും ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും സിജി ചാക്കോയും രാജു കല്ലറയ്ക്കലും മുന്നറിയിപ്പ് നൽകി.

