Last Updated on 18 Sep 2026 • 8:25 AM by Openzone Online

ചെറുതോണി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ച് ബിജെപി ഇടുക്കി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ സേവന പ്രവർത്തനങ്ങൾക്ക് തുടക്കമായി. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെ നടക്കുന്ന പരിപാടികളുടെ ഭാഗമായാണ് ആശീർവാദ് കാ ദിയ എന്ന പേരിൽ ദീപജ്യോതി തെളിയിച്ചത്. രാജ്യവ്യാപകമായി ബിജെപി പ്രഖ്യാപിച്ച ഒരു മാസം നീളുന്ന സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായാണ് ആശീർവാദ് കാ ദിയ പരിപാടിയും സംഘടിപ്പിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 25 വർഷത്തെ പൊതുസേവനത്തിന് നന്ദി രേഖപ്പെടുത്തുന്നതിനും അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി പ്രാർത്ഥിക്കുന്നതിനുമായാണ് പരിപാടിയെന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിജെപി ദേശീയ സമിതി അംഗം ശ്രീ നഗരി രാജൻ പറഞ്ഞു.
ചെറുതോണിയിൽ നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ലീനാ രാജു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി. രാജൻ സ്വാഗതം ആശംസിച്ചു. സംസ്ഥാന കൗൺസിൽ അംഗം സുരേഷ് മീനത്തേരി, ബി എം എസ് ജില്ലാ സെക്രട്ടറി സതീഷ് വേണുഗോപാൽ മണ്ഡലം വൈസ് പ്രസിഡന്റ് ബിനു അനാമിക, പഞ്ചായത്ത് ജനറൽ സെക്രട്ടറി മഹേഷ് പി. മോഹനൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനൻ തറയിൽ തുടങ്ങിയവർ പങ്കെടുത്തു.
പഞ്ചായത്ത് തലത്തിലെ വിവിധ കാര്യകർത്താക്കളും പരിപാടിയിൽ പങ്കെടുത്തു.വികസനത്തിനായി വെളിച്ചം പകരാം എന്ന സന്ദേശത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. മാസം നീളുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

