Last Updated on 14 Sep 2026 • 10:16 AM by Openzone Online

ചെറുതോണി: ഇടുക്കി ജില്ലാ മുസ്ലിം ലീഗിൽ നേതാക്കൾ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമാകുന്നു. ഇടുക്കി എക്കോ ലോഡ്ജിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് സംസ്ഥാന നേതാക്കളുടെ നേതൃത്വത്തിലുള്ള ഇരുവിഭാഗങ്ങൾ തമ്മിൽ രൂക്ഷമായ വാക്കുതർക്കവും ബഹളവും ഉണ്ടായത്. യോഗം തടസ്സപ്പെടുത്താനുള്ള നീക്കത്തെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടതോടെ ചർച്ചകൾ പൂർത്തിയാക്കാനാകാതെ യോഗം നിർത്തിവെച്ച് പിരിഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം. സലീമിന്റെ നേതൃത്വത്തിലുള്ള വിഭാഗവും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അബ്ബാസ് മാസ്റ്ററുടെ നേതൃത്വത്തിലുള്ള വിഭാഗവും തമ്മിലാണ് യോഗത്തിൽ തർക്കമുണ്ടായത്. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലം മുതൽ ഇരുവിഭാഗങ്ങൾക്കുമിടയിൽ നിലനിന്നിരുന്ന ഭിന്നതയാണ് ഇപ്പോൾ ജില്ലാ കമ്മിറ്റി യോഗത്തിൽ പരസ്യമായ തർക്കത്തിലേക്ക് നീങ്ങിയത്.
നേരത്തെ ടി.എം. സലീമിനെ വഴിയിൽ തടഞ്ഞ സംഭവത്തിൽ ഏതാനും പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇവർക്കെതിരായ നടപടി പിൻവലിക്കാതെ ജില്ലാ കമ്മിറ്റി യോഗം തുടരാൻ അനുവദിക്കില്ലെന്ന നിലപാടാണ് അബ്ബാസ് മാസ്റ്റർ പക്ഷം സ്വീകരിച്ചതെന്നാണ് വിവരം.
ഇതോടെയാണ് യോഗത്തിൽ ഇരുവിഭാഗങ്ങളും തമ്മിൽ വാക്കേറ്റം രൂക്ഷമായത്. അതേസമയം, ജില്ലാ കമ്മിറ്റി അംഗങ്ങളല്ലാത്ത ബാഹ്യവ്യക്തികളെ മനഃപൂർവം യോഗസ്ഥലത്ത് എത്തിച്ച് പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. ഇതേച്ചൊല്ലിയും യോഗത്തിൽ തർക്കമുണ്ടായി.
വാക്കേറ്റവും ബഹളവും നിയന്ത്രിക്കാനാകാതെ വന്നതോടെ യോഗത്തിന്റെ നടപടികൾ മുന്നോട്ടുകൊണ്ടുപോകാനായില്ല. ഏറെനാളായി ജില്ലാ നേതൃത്വത്തിൽ നിലനിന്നിരുന്ന വിഭാഗീയതയാണ് എക്കോ ലോഡ്ജിലെ യോഗത്തോടെ പരസ്യപോരിലേക്ക് കടന്നതെന്നാണ് പ്രവർത്തകർക്കിടയിലെ വിലയിരുത്തൽ. ഇടുക്കി പോലീസിനെ നേതൃത്വത്തിൽ സ്ഥലത്ത് എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു.

