Last Updated on 08 Jun 2026 • 8:47 AM by Openzone Online

തൊടുപുഴ: യുവതിയെ കടന്നുപിടിക്കുകയും മോശമായി പെരുമാറുകയും ചെയ്ത കേസിൽ യുവാവിനെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തൊടുപുഴ വെങ്ങല്ലൂരിൽ വാടകയ്ക്ക് താമസിച്ചു വന്നിരുന്ന അഭിജിത് വിനോദ് (23) ആണ് പിടിയിലായത്.
കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരിക്കോട് മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിനുള്ളിൽ ഉണ്ടായിരുന്ന യുവതിയോട് പ്രതി അതിക്രമിച്ച് പെരുമാറുകയും കടന്നുപിടിക്കുകയുമായിരുന്നു. യുവതിയുടെ പരാതിയെ തുടർന്ന് തൊടുപുഴ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ വേഗത്തിൽ തിരിച്ചറിഞ്ഞ് പിടികൂടുകയായിരുന്നു. തൊടുപുഴ പോലീസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
സബ് ഇൻസ്പെക്ടർമാരായ ഷിബു വർഗീസ്, അജിലാൽ, സിവിൽ പോലീസ് ഓഫീസർ മുജീബ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.പൊതു ഇടങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കെതിരെ കർശന നടപടികൾ തുടരുമെന്നും ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നിയമനടപടികൾ ശക്തമായി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
