Last Updated on 14 Jul 2026 • 4:21 PM by Openzone Online

ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്ന് വേർപെട്ട സ്വതന്ത്ര രാജ്യമായി ബലൂചിസ്ഥാൻ പ്രഖ്യാപിച്ചതായി അവകാശപ്പെട്ട് പ്രവർത്തിക്കുന്ന ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ (Republic of Balochistan) എന്ന സംഘടന പുതിയ പ്രസ്താവന പുറത്തിറക്കി. ബലൂചിസ്ഥാന്റെ 85 ശതമാനം പ്രദേശവും തങ്ങളുടെ പ്രതിരോധ-സുരക്ഷാ സേനയുടെ നിയന്ത്രണത്തിലാണെന്നാണ് പ്രസ്താവനയിൽ പറയുന്നത്.
പ്രഖ്യാപനപ്രകാരം, ബലൂചിസ്ഥാൻ സ്വാതന്ത്ര്യം പ്രഖ്യാപിച്ചതിന് പിന്നാലെ ദേശീയഗാനമായി ‘മാ ചുകൈൻ ബലോചാനി’ (Ma Chukain Balochani) സ്വീകരിക്കുകയും ദേശീയപതാകയും ‘ബലോചി ഫലൂസ്’ (Balochi Falus) എന്ന സ്വന്തം കറൻസിയും അവതരിപ്പിച്ചതായും അവകാശപ്പെടുന്നു.
സംസ്ഥാനത്തെ സ്വർണം, ചെമ്പ് ഖനികൾ, 150-ലധികം സജീവ വാതകപ്പാടങ്ങൾ, 1,200-ലധികം കൽക്കരി ഖനികൾ എന്നിവയുടെ നിയന്ത്രണം തങ്ങൾക്കാണെന്നും പ്രസ്താവനയിൽ പറയുന്നു. ബലൂചിസ്ഥാന്റെ ഭരണവും സുരക്ഷയും സ്വന്തം പ്രതിരോധ സേനയുടെ കീഴിലാണെന്നും അവർ അവകാശപ്പെടുന്നു.
യുദ്ധവിമാനങ്ങൾ, ടാങ്കുകൾ, മിസൈലുകൾ, ഹെലികോപ്റ്ററുകൾ തുടങ്ങിയ ആധുനിക ആയുധങ്ങൾ ഇല്ലെങ്കിലും അഞ്ച് ലക്ഷം അംഗങ്ങളുള്ള സൈനിക, നാവിക, വ്യോമ, സിവിൽ ഭരണസംവിധാനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും, 2026 അവസാനത്തോടെ പാകിസ്താൻ സേനയെ പ്രദേശത്ത് നിന്ന് പൂർണമായും പുറത്താക്കുകയാണ് ലക്ഷ്യമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.
അതേസമയം, പാകിസ്താൻ സൈന്യം, പൊലീസ്, ഫ്രണ്ടിയർ കോർപ്സ്, ലെവീസ് വിഭാഗങ്ങൾ എന്നിവയിൽ നിന്ന് ബലൂച്, പശ്തൂൺ വിഭാഗങ്ങളിൽപ്പെട്ട നിരവധി പേർ രാജിവെച്ച് തങ്ങളുടെ പക്ഷത്തേക്ക് എത്തിയിട്ടുണ്ടെന്നും സംഘടന അവകാശപ്പെടുന്നു. പാകിസ്താന്റെ സൈനിക സാന്നിധ്യവും ഇടപെടലും ഇനി അനുവദിക്കില്ലെന്നും അയൽരാജ്യങ്ങൾക്ക് ഉറപ്പ് നൽകുന്നതായും പ്രസ്താവനയിൽ പറയുന്നു.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ലോക രാഷ്ട്രങ്ങൾ അംഗീകരിക്കണമെന്നും, മേഖലയിൽ സ്ഥിരതയും സമാധാനവും ഉറപ്പാക്കാൻ അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകണമെന്നും പ്രസ്താവന അഭ്യർഥിക്കുന്നു.
