Last Updated on 25 May 2026 • 4:23 PM by Openzone Online

തിരുവനന്തപുരം: വഖഫ് ഭൂമി വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നാഷണൽ ലീഗ് രംഗത്ത്. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ വഖഫ് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ എല്ലാ രേഖകളുടെയും പിൻബലത്തോടെ “ഉമിദ്” പോർട്ടലിൽ രജിസ്റ്റർ ചെയ്തതോടെ വിവാദങ്ങൾ അവസാനിപ്പിച്ച് വഖഫ് ഭൂമി വഖഫായി തന്നെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണ് സർക്കാരിനുള്ളതെന്ന് നാഷണൽ ലീഗ് സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എൻ.കെ. അബ്ദുൽ അസീസ് പ്രസ്താവിച്ചു.
ഈ ഉത്തരവാദിത്വം നിർവഹിക്കുന്നതിന് പകരം, വഖഫ് സംരക്ഷണ വേദിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേരള ഹൈക്കോടതി ഉത്തരവിനെ തുടർന്ന് നിയമിക്കപ്പെട്ട പുതിയ വഖഫ് ബോർഡിനെ കുറ്റപ്പെടുത്തുകയും, വഖഫ് ഭൂമിയിലുള്ള മുസ്ലിം സമുദായത്തിന്റെ അവകാശത്തെ ചോദ്യം ചെയ്യുകയും ചെയ്യുന്നതാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്ന് അബ്ദുൽ അസീസ് ആരോപിച്ചു. അധികാരസ്ഥാനത്ത് ഇരുന്നുകൊണ്ട് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിട്ടാണ് ഇത്തരം നടപടികളെ കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
നിയമപരമായി അംഗീകരിക്കപ്പെട്ട വഖഫ് ഭൂമി സംരക്ഷിക്കുന്നതിനായി ന്യൂനപക്ഷങ്ങളും മതേതര വിശ്വാസികളും ഒരുമിച്ച് സമര രംഗത്തിറങ്ങേണ്ട സാഹചര്യമാണുണ്ടാകുന്നതെന്നും നാഷണൽ ലീഗ് വ്യക്തമാക്കി.
മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ടും അബ്ദുൽ അസീസ് പ്രതികരിച്ചു. “മുനമ്പത്ത് ഭൂമി അന്യായമായി കയ്യേറിയ റിസോർട്ട്-ബാർ മാഫിയകളുടെ സ്വാധീനത്തിലും ചെലവിലും അധികാരത്തിലെത്തിയ വി ഡി സതീശൻ ദൈവാധീന സ്വത്തിനെതിരെ നിലപാട് സ്വീകരിച്ചാൽ കാര്യങ്ങൾ പഴയപോലെ ആയിരിക്കില്ലെന്ന് ഓർക്കുന്നത് നല്ലതാണ്,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
