Last Updated on 21 Nov 2026 • 12:54 PM by Openzone Online

മൂന്നാർ: സഞ്ചാരികളുടെ വരുമാനത്തിൽ പ്രതീക്ഷയർപ്പിക്കുന്ന മൂന്നാറിൽ, വിനോദസഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കിയിരുന്ന സർക്കാർ യാത്രീനിവാസ് മാസങ്ങളായി അടഞ്ഞുകിടക്കുന്നു. എട്ടുമാസത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കി തുറന്നുകൊടുക്കുമെന്ന് അറിയിച്ചിരുന്ന ദേവികുളം യാത്രീനിവാസ് 21 മാസം പിന്നിട്ടിട്ടും പ്രവർത്തനം പുനരാരംഭിച്ചിട്ടില്ല.
ദേവികുളം ആർ.ഡി.ഒ ഓഫീസിന് സമീപം സ്ഥിതിചെയ്യുന്ന യാത്രീനിവാസ് 2025 മാർച്ചിലാണ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. എട്ടുമാസത്തിനുള്ളിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കണമെന്നായിരുന്നു കരാർ വ്യവസ്ഥ. എന്നാൽ നിശ്ചയിച്ച സമയപരിധി കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും പണികൾ പൂർത്തിയായിട്ടില്ല.

14 മുറികൾ, ഭക്ഷണശാല, അടുക്കള, വിശാലമായ പാർക്കിങ് സൗകര്യം തുടങ്ങി സഞ്ചാരികൾക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാം ഇവിടെയുണ്ടായിരുന്നു. സാധാരണക്കാർക്ക് താങ്ങാനാകുന്ന നിരക്കിൽ താമസവും ഭക്ഷണവും ലഭിച്ചിരുന്നതിനാൽ വിനോദസഞ്ചാരികൾക്കിടയിൽ യാത്രീനിവാസിന് വലിയ സ്വീകാര്യതയുമുണ്ടായിരുന്നു. പലപ്പോഴും ദിവസങ്ങൾക്കുമുമ്പ് തന്നെ മുറികൾ ബുക്ക് ചെയ്യപ്പെട്ടിരുന്നു.
പഴയ ശുചിമുറികളും ഉപകരണങ്ങളും മാറ്റി ആധുനിക സൗകര്യങ്ങളോടെ സ്ഥാപനം നവീകരിക്കാനായിരുന്നു പദ്ധതി. എന്നാൽ കരാർ കാലാവധി കഴിഞ്ഞിട്ടും പണി പൂർത്തിയാകാത്തത് വിനോദസഞ്ചാര വകുപ്പിന്റെ പ്രവർത്തനങ്ങളെയും പദ്ധതിയുടെ നടത്തിപ്പിനെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയാണ്.
സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസസൗകര്യം ഒരുക്കേണ്ട സർക്കാർ സ്ഥാപനം അടഞ്ഞുകിടക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്കും തിരിച്ചടിയാണ്. നവീകരണ പ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തിയാക്കി യാത്രീനിവാസ് സഞ്ചാരികൾക്കായി തുറന്നുകൊടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

