Last Updated on 17 Nov 2026 • 7:54 AM by Openzone Online

ചെറുതോണി :കരിമ്പനിൽ എംഡിഎംഎയുമായി പിടിയിലായ മൂന്ന് യുവാക്കൾക്ക് മണിക്കൂറുകൾക്കകം സ്റ്റേഷൻ ജാമ്യം. ജില്ലാ ആസ്ഥാന മേഖലയിൽ നിന്നുള്ളഭരണകക്ഷി നേതാവിന്റെ ബന്ധുവാണ് പ്രതികളിലൊരാൾ. എംഡിഎംഎയുടെ അളവ് കുറവാണെന്ന കാരണത്താലാണ് ജാമ്യം അനുവദിച്ചതെന്നാണ് പോലീസ് വിശദീകരണം.
ഇതോടെ ലഹരിമരുന്ന് വിതരണ ശൃംഖലയിലേക്ക് അന്വേഷണം നീളുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഓപ്പറേഷൻ തൂഫാൻ ഫോഴ്സ് കരിമ്പൻ കുട്ടപ്പൻ സിറ്റി റോഡിൽ കരിമ്പൻ പള്ളിക്ക് സമീപം നടത്തിയ പരിശോധനയിലാണ് യുവാക്കളെ പിടികൂടിയത്.

രഹസ്യവിവരത്തെ തുടർന്ന് നേരത്തെ നിരീക്ഷണത്തിലായിരുന്ന ഇവരെ പരിശോധിച്ചപ്പോൾ രണ്ട് ചെറിയ പായ്ക്കറ്റുകളിലായി എംഡിഎംഎ കണ്ടെത്തുകയായിരുന്നു.
കരിമ്പൻ കുമ്പളകുന്നേൽ അലിയാറിന്റെ മകൻ അൻസിൽ (24), വെട്ടിക്കുഴിയിൽ ജോയിയുടെ മകൻ റിൻസ് (25), വേങ്ങച്ചുവട്ടിൽ ടോമിയുടെ മകൻ എബിൻ (21) എന്നിവരാണ് പിടിയിലായത്. അഞ്ച് ഗ്രാമിൽ താഴെയുള്ള എംഡിഎംഎ കേസിൽ ജാമ്യം അനുവദിക്കാമെന്നാണ് പോലീസ് പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മണിക്കൂറുകൾക്കകം പ്രതികൾക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചത്.
എന്നാൽ ലഹരിമരുന്ന് എവിടെനിന്ന് ലഭിച്ചു, ആർക്കുവേണ്ടിയാണ് എത്തിച്ചത്, പ്രതികൾക്ക് പിന്നിൽ വലിയ വിതരണ ശൃംഖല പ്രവർത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരേണ്ടതുണ്ടെന്ന ആവശ്യം ഉയരുന്നു.
പ്രതികൾക്ക് ജാമ്യം ലഭിച്ചതോടെ കേസിന്റെ തുടർ അന്വേഷണം നിലച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഓപ്പറേഷൻ തൂഫാൻ ലഹരി പോരാട്ടം സംസ്ഥാന സർക്കാർ ശക്തമായി നടത്തുമ്പോൾ … പിടികൂടപ്പെടുന്നവർ ഇത്തരത്തിൽ കേസിന്റെ ലൂപ്പ് ഹോളിലൂടെ രക്ഷപ്പെടുന്നത് ഭരണപക്ഷ പാർട്ടിക്കുള്ളിൽ തന്നെ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ട്. കരിമ്പൻ മേഖലയിലെ പുതുപ്രവർത്തകർക്കിടയിൽ ഈ വിഷയത്തിൽ വ്യാപകമായ പരാതിയും പ്രതിഷേധവും ഉയരുകയാണ്.

