Last Updated on 21 Nov 2026 • 2:21 PM by Openzone Online

Advertisement

മൂന്നാർ:മൂന്നാറിൽ യുവതിയുടെ ദുരൂഹമരണത്തിന് പിന്നിലെ കൊലപാതകം തെളിഞ്ഞു. ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭർത്താവിനെ മൂന്നാർ പോലീസ് അറസ്റ്റ് ചെയ്തു.

അസം സ്വദേശിനി കബിത ബോറെയുടെ മരണവുമായി ബന്ധപ്പെട്ട് ജാർഖണ്ഡ് സ്വദേശി ജാഗേശ്വർ കുമാർദാസാണ് അറസ്റ്റിലായത്.ഭാര്യയെക്കുറിച്ചുള്ള സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തൽ. കഴിഞ്ഞ ദിവസമാണ് വിഷം കഴിച്ചെന്ന് പറഞ്ഞ് ജാഗേശ്വർ കബിതയെ ആശുപത്രിയിലെത്തിച്ചത്.

എന്നാൽ മരണത്തിൽ സംശയം തോന്നിയ പോലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു.രണ്ടുവർഷം മുമ്പാണ് അസം സ്വദേശിനിയായ കബിതയും ജാർഖണ്ഡ് സ്വദേശിയായ ജാഗേശ്വറും ഒരുമിച്ച് ജീവിതം ആരംഭിച്ചത്.

വിവാഹശേഷം മൂന്നാർ പെരിയവാര എസ്റ്റേറ്റിലായിരുന്നു താമസം. പെരിയവാര ഫാക്ടറിയിലെ ജീവനക്കാരിയായിരുന്ന കബിത കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോയിരുന്നില്ല. ഇതിനിടെ ഇരുവരും തമ്മിൽ കുടുംബപ്രശ്നങ്ങളും തർക്കങ്ങളും പതിവായതായി പറയുന്നു. ഭാര്യയെക്കുറിച്ചുള്ള സംശയമായിരുന്നു തർക്കങ്ങൾക്ക് പ്രധാന കാരണം.

കഴിഞ്ഞ ദിവസം കബിതയും സഹോദരനും ചേർന്ന് ഒരു സുഹൃത്തിനെ ബെംഗളൂരുവിലേക്ക് യാത്രയാക്കാൻ പോയിരുന്നു. ഇവർ മടങ്ങിയെത്തിയതോടെ ഭാര്യയെക്കുറിച്ചുള്ള ഭർത്താവിന്റെ സംശയം കൂടുതൽ ശക്തമായെന്നാണ് വിവരം.തുടർന്ന് പ്രശ്നങ്ങൾ സംസാരിച്ച് പരിഹരിക്കാമെന്ന് പറഞ്ഞ് ഇരുവരും പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജിൽ മുറിയെടുത്തു.

രണ്ടുദിവസമായി ഇവിടെ താമസിച്ചുവരികയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ രാത്രി ജാഗേശ്വർ കബിതയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് തെറ്റിദ്ധരിപ്പിക്കാനായി യുവതിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

പോലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതോടെയാണ് മരണത്തിലെ ദുരൂഹത നീങ്ങിയത്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

ഈ വാർത്ത ഷെയർ ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *