Last Updated on 05 Nov 2026 • 1:32 PM by Openzone Online

പാറത്തോട്: കൊന്നത്തടി പഞ്ചായത്തിലെ ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കാൻ പാറത്തോട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ ആരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
നിലവിൽ കൊന്നത്തടി പഞ്ചായത്തിലെ മുഴുവൻ പ്രദേശങ്ങളും വെള്ളത്തൂവൽ പോലീസ് സ്റ്റേഷന്റെ പരിധിയിലാണ്. ജില്ലയിലെ മറ്റു പോലീസ് സ്റ്റേഷനുകളെ അപേക്ഷിച്ച് വെള്ളത്തൂവൽ സ്റ്റേഷന്റെ പരിധി വളരെ വിശാലമായതിനാൽ പല മേഖലകളിലും പോലീസിന്റെ സേവനം സമയബന്ധിതമായി എത്തിക്കാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിലയിരുത്തൽ.

കൊന്നത്തടി, വെള്ളത്തൂവൽ പഞ്ചായത്തുകളിലെ മുഴുവൻ മേഖലകൾക്കും പള്ളിവാസൽ പഞ്ചായത്തിലെ ചില പ്രദേശങ്ങൾക്കും വെള്ളത്തൂവൽ പോലീസ് സ്റ്റേഷനെയാണ് ആശ്രയിക്കേണ്ടത്.
ഇതിൽ പല പ്രദേശങ്ങളും ദുർഘടമായ ഭൂപ്രകൃതിയുള്ളതും യാത്രാസൗകര്യം പരിമിതമായതുമാണ്. മൊബൈൽ നെറ്റ്വർക്ക്, ഇന്റർനെറ്റ് സൗകര്യങ്ങൾ എന്നിവയുടെ അപര്യാപ്തതയും ചില മേഖലകളിൽ പോലീസിന്റെ ഇടപെടലുകൾക്ക് തടസ്സമാകുന്നുണ്ട്.
അതിനിടെ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ സാമൂഹികവിരുദ്ധരുടെ ശല്യം വർധിക്കുന്നതായും പരാതിയുണ്ട്. പഞ്ചായത്തിൽ ബിവറേജസ് ഔട്ട്ലെറ്റ് ഇല്ലാത്ത സാഹചര്യത്തിൽ വ്യാജമദ്യ വിൽപ്പനയും സജീവമാണെന്നാണ് വിലയിരുത്തൽ.

സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും ലഹരിവിൽപ്പന ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും കൂടുതൽ പോലീസ് സാന്നിധ്യം അനിവാര്യമാണെന്നാണ് നാട്ടുകാരുടെ ആവശ്യം.
പഞ്ചായത്തിലെ വിവിധ മേഖലകളിലേക്ക് പോലീസ് പട്രോളിംഗും മറ്റ് അടിയന്തര സേവനങ്ങളും കൃത്യസമയത്ത് എത്തിക്കുന്നതിന് നിലവിലെ സ്റ്റേഷന്റെ ഭൂമിശാസ്ത്രപരമായ പരിധി വെല്ലുവിളിയാകുന്നുണ്ട്.
ഈ സാഹചര്യത്തിൽ പാറത്തോട് കേന്ദ്രീകരിച്ച് പുതിയ പോലീസ് സ്റ്റേഷൻ ആരംഭിച്ചാൽ കൊന്നത്തടി പഞ്ചായത്തിലും സമീപ പ്രദേശങ്ങളിലും ക്രമസമാധാന പാലനം കൂടുതൽ കാര്യക്ഷമമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ പോലീസ് സഹായം ലഭ്യമാക്കുന്നതിനും പുതിയ സ്റ്റേഷൻ അനിവാര്യമാണെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

