Last Updated on 05 Nov 2026 • 11:54 AM by Openzone Online

കൊന്നത്തടി: യുവാക്കൾക്ക് കായിക പരിശീലനത്തിനും കായിക വിനോദങ്ങൾക്കും കൂടുതൽ സൗകര്യമൊരുക്കുന്നതിനായി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടത്ത് നിർമ്മിക്കുന്ന മിനി സ്റ്റേഡിയം ടർഫിന്റെ ശിലാസ്ഥാപനം നടന്നു.
ഇടുക്കി എം.എൽ.എ റോയി കെ. പൗലോസ് ശിലാസ്ഥാപന കർമ്മം നിർവഹിച്ചു.കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 35 ലക്ഷം രൂപ ചെലവഴിച്ചാണ് ടർഫ് നിർമ്മിക്കുന്നത്.
സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി യുവജനങ്ങളുടെ ശ്രദ്ധ കായിക വിനോദങ്ങളിലേക്ക് തിരിച്ചുവിടുന്നതിനും കായിക രംഗത്ത് കൂടുതൽ അവസരങ്ങൾ ഒരുക്കുന്നതിനുമായി പഞ്ചായത്ത് വിവിധ പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. ഇതിന്റെ ഭാഗമായാണ് മിനി സ്റ്റേഡിയം ടർഫ് ഒരുക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പ്രസാദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് മോളി ജോയി സ്വാഗതം ആശംസിച്ചു. അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മോഹനൻ നായർ, ജില്ലാ പഞ്ചായത്ത് അംഗം പി.എ. സജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ. ബാബു, അമ്പിളി സലീലൻ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബാബു കളപ്പുര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോബി പേടിക്കാട്ടുകുന്നേൽ, മേഴ്സി ജോസ്, ബിജു വള്ളോംപുരയിടം, ജിതിൻ സി.കെ. തുടങ്ങിയവർ സംസാരിച്ചു.
പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ കായിക രംഗത്ത് നേട്ടങ്ങൾ കൈവരിച്ച പ്രതിഭകളെ ആദരിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

