Last Updated on 03 Nov 2026 • 4:06 PM by Openzone Online

ചെറുതോണി: രാജ്യത്ത് ഇപ്പോൾ നടക്കുന്നത് മൂന്നാം സ്വാതന്ത്ര്യ സമരമാണെന്ന് ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറി എ.എ. റഹീം. 1947ൽ ഒന്നാം സ്വാതന്ത്ര്യ സമരം അവസാനിച്ചു. അടിയന്തരാവസ്ഥ കാലത്ത് നടന്നത് രണ്ടാം സ്വാതന്ത്ര്യ സമരമായിരുന്നു. അടിയന്തരാവസ്ഥയ്ക്കെതിരായ വിമോചന പോരാട്ടമായിരുന്നു അത്.
ഇന്ത്യൻ ഭരണഘടന സംരക്ഷിക്കുന്നതിനായി ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോരാട്ടമാണ് മൂന്നാം സ്വാതന്ത്ര്യ സമരമെന്നും ഈ പോരാട്ടത്തിൽ പങ്കാളികളാകാൻ ഭാഗ്യം ലഭിച്ചവരാണ് നമ്മളെന്നും അദ്ദേഹം പറഞ്ഞു.

ചെറുതോണിയിൽ ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ബി. അനൂപ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മഹാരാജാസ് കോളേജിൽ നിന്ന് എം.എ. ഇംഗ്ലീഷിൽ ഒന്നാം റാങ്ക് നേടിയ നന്ദന എസ്.നെ ആദരിച്ചു. ചെറുതോണി പോലീസ് സൊസൈറ്റിക്ക് സമീപമാണ് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ഓഫീസിന്റെ പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
ഉദ്ഘാടനത്തിനു ശേഷം ചെറുതോണിയിൽ നടന്ന പൊതുസമ്മേളനത്തിൽ എം. വിജിൻ, ചിന്താ ജെറോം, വി.കെ. സനോജ്, സി.വി. വർഗീസ്, എസ്. സുധീഷ് എന്നിവർ പ്രസംഗിച്ചു.

